ജപ്തിക്കെത്തിയ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഗൃഹനാഥൻ പെട്രോളുമായി ആത്മഹത്യക്ക്​ ശ്രമിച്ചു

ഏറ്റുമാനൂർ: ജപ്തിക്കെത്തിയ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഗൃഹനാഥൻ പെട്രോളുമായി ആത്മഹത്യക്ക്​ ശ്രമിച്ചു. ഏറ്റുമാനൂർ മാടപ്പാട് പേമല വീട്ടിൽ ഷാജിയുടെ മകൻ ഷിജിനാണ് ആത്മഹത്യക്ക്​ ശ്രമിച്ചത്. ബുധനാഴ്ച ഉച്ചക്കാണ് സംഭവം. കോട്ടയം കോഓപറേറ്റിവ് അർബൻ ബാങ്കിൽനിന്ന്​ എടുത്ത വായ്പ കോവിഡിനെ തുടർന്നാണ് അടക്കാൻ കഴിയാതെ പ്രതിസന്ധിയിലായത്. സ്വയംതൊഴിൽ സംരംഭം പൂട്ടിയതോടെ കടക്കെണിയിലായെന്നും ഷിജിൻ പറഞ്ഞു. 2014ൽ 20 ലക്ഷം രൂപ വായ്പയെടുത്ത ഷിജിൻ 2021ൽ വായ്പ 30 ലക്ഷം രൂപയായി പുതുക്കിയെന്ന് അർബൻ ബാങ്ക് അധികൃതർ പറയുന്നു. ഒരുതവണ മാത്രമാണ് അടച്ചത്. തുടർന്ന് നോട്ടീസ് കൊടുത്തപ്പോൾ ഷിജിൻ ഹൈകോടതിയെ സമീപിച്ചു. കോടതി ഇതുവരെയുള്ള കുടിശ്ശിക 12തവണയായി അടക്കാൻ നിർദേശം നൽകി. കോടതി നിർദേശപ്രകാരം കുടിശ്ശിക തുകയുടെ മൂന്നു ഗഡുക്കളായ 3,28,000 രൂപ ഡി.ഡിയായി നൽകിയിട്ടും സ്വീകരിക്കാൻ ബാങ്ക് അധികൃതർ തയാറായില്ലെന്നും തന്‍റെ അക്കൗണ്ടുകൾ മരവിപ്പിച്ചതായും ഷിജിൻ പറഞ്ഞു. ഫെബ്രുവരിയിൽ വീണ്ടും തവണ അടക്കാതിരുന്നതോടെ സി.ജെ.എം കോടതിയിൽ അപേക്ഷ നൽകി. അഡ്വക്കേറ്റ് കമീഷനെ നിയോഗിച്ചു നടപടി സ്വീകരിക്കാനെത്തുകയായിരുന്നു. ഷിജിൻ കുടിശ്ശിക അടക്കാതിരുന്നതോടെ ഹൈകോടതി വിധി അസാധുവായെന്നും ബാങ്ക് അധികൃതർ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.