മര്യാദക്കല്ലെങ്കിൽ വനപാലകരെ വഴിയിലിറക്കില്ലെന്ന്​ എം.എം. മണി

അടിമാലി: കർഷകരോട്​ മര്യാദക്ക്​ പെരുമാറിയില്ലെങ്കിൽ ഫോറസ്റ്റ്​ റേഞ്ചർമാരും ഡി.എഫ്​.ഒമാരും വഴിയിലിറങ്ങാത്ത സാഹചര്യം ഉണ്ടാക്കുമെന്ന്​ മുൻ മന്ത്രി എം.എം. മണി. കേന്ദ്ര വനസംരക്ഷണ നിയമം ചൂണ്ടിക്കാട്ടി വികസനത്തിന്​ തുരങ്കംവെക്കാന്‍ വനപാലകര്‍ ശ്രമിച്ചാല്‍ നേരിടും. ശമ്പളം ഇവിടെയും കൂറ് അവിടെയുമെന്ന മനോഭാവമാണെങ്കിൽ വനപാലകരെ വഴിയിലിറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വന്യജീവി ആക്രമണത്തിനും വനപാലകരുടെ കർഷകദ്രോഹ നടപടിക്കുമെതിരെ കേരള കർഷക സംഘം അടിമാലി കൂമ്പൻപാറ ഫോറസ്റ്റ്​ റേഞ്ച്​ ഓഫിസിന്​ മുന്നിൽ നടത്തിയ ഉപരോധം ഉദ്​ഘാടനം ചെയ്യുകയായിരുന്നു മണി. വനം ഉദ്യോഗസ്ഥരുടെ തെമ്മാടിത്തരത്തെ സംഘടിതശക്തി ഉപയോഗിച്ച്​ നേരിടണം. ഉള്ള വനം സംരക്ഷിക്കട്ടെ. പുതിയ വനം ഉണ്ടാക്കാൻ നോക്കണ്ട. കാട്ടുമൃഗങ്ങളെക്കാളും മോശമാണ്​ ഫോറസ്റ്റ്​ ഉദ്യോഗസ്ഥർ. ഞങ്ങളെ​ക്കൊണ്ട്​ ആവശ്യമില്ലാത്തതൊന്നും ചെയ്യിക്കരുത്​. പാവപ്പെട്ട കൃഷിക്കാരന്‍റെ ഭൂമിയിൽ അതിക്രമിച്ചു കയറിയാൽ അവിടെവെച്ച്​ നേരിടും. എന്താ വരുന്നതെന്ന്​ നമുക്ക്​ നോക്കാം. പീച്ചാട്, കുരിശുപാറ, പ്ലാമല മേഖലകളിലെ ഏലകൃഷി വനപാലകര്‍ വെട്ടിനശിപ്പിച്ചു. അവിടുത്തെ കര്‍ഷകര്‍ പാവങ്ങളാണ്. അല്ലെങ്കില്‍ വെട്ടുവേറെ നടന്നേനെ. വന്യമൃഗങ്ങള്‍ക്കൊപ്പം വനപാലകരും നാട്ടിലിറങ്ങിയതാണ് ഇപ്പോഴത്തെ മുഴുവൻ പ്രശ്നങ്ങൾക്കും കാരണമെന്നും എം.എം. മണി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.