കാരക്കാട് പുതിയപാലം നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു

ഈരാറ്റുപേട്ട: നഗരസഭയിലെ കാരക്കാട് നിവാസികൾക്കും​ തലപ്പലം പഞ്ചായത്തിലെ ഇളപ്പുങ്കൽ നിവാസികൾക്കും മീനച്ചിലാറിന്‍റെ മറുകരയിലെത്താൻ പാലം നിർമിക്കണമെന്ന ആവശ്യം ശക്തമായി. നേരത്തേ രണ്ടടി വീതിയുള്ള നടപ്പാലമായിരുന്നു ഏക ആശ്രയം. കഴിഞ്ഞ മഹാപ്രളയത്തിൽ ഈ പാലത്തിന്‍റെ ഒരുഭാഗം തകർന്നതോടെ കാരക്കാട് സ്കൂളിലെ വിദ്യാർഥികളും മറ്റും ഈരാറ്റുപേട്ട നഗരത്തിലൂടെ ഏഴ്​ കി.മീ. സഞ്ചരിച്ചുവേണം സ്കൂളിൽ എത്താൻ. തോണി മറിഞ്ഞും ചങ്ങാടം പൊട്ടിയും അപകടങ്ങൾ പതിവായ സമയത്ത്​ 40 വർഷം മുമ്പാണ്​ ഇവിടെ നടപ്പാലം പണിതത്. പാലം തകർന്നതോടെ ജനം ദുരിതത്തിലാണ്. ഇവിടെ ഗതാഗതയോഗ്യമായ പാലം പണിയണമെന്ന് ഒരു പതിറ്റാണ്ട് മുതലുള്ള ജനങ്ങളുടെ ആവശ്യമാണ്. തൊടുപുഴ-കാഞ്ഞിരപ്പള്ളി റോഡും ഈരാറ്റുപേട്ട-പീരുമേട് സംസ്ഥാനപാതയും ഈ പുഴയുടെ ഇരുവശത്തുകൂടി കടന്നുപോകുന്നുണ്ട്​. ഇവിടെ പാലം പണിതാൽ മൂവാറ്റുപുഴ, തൊടുപുഴ പ്രദേശങ്ങളിൽനിന്ന് ടൂറിസ്റ്റ് കേന്ദ്രമായ വാഗമണ്ണിലേക്ക് പോകുന്നവർക്ക് ആറു കി.മീ. കുറച്ച് സഞ്ചരിച്ചാൽ മതി. അതുകൂടാതെ ഈരാറ്റുപേട്ട നഗരത്തിലെ ഗതാഗതക്കുരുക്കിൽനിന്ന് ഇവർ ഒഴിവാകും. ഇവിടെ ഗതാഗതയോഗ്യമായ വലിയ പാലം പണിയണമെന്ന് ആവശ്യപ്പെട്ട്​ കാരക്കാട് സ്കൂളിലെ വിദ്യാർഥികൾ നിവേദനം നൽകിയിരുന്നു. ഈരാറ്റുപേട്ട നഗരസഭ, തലപ്പലം പഞ്ചായത്ത് എന്നിവ ഇതുസംബന്ധിച്ച​ പ്രമേയങ്ങൾ പാസാക്കിയിരുന്നു. പാലം തകർന്ന്​ ആറുമാസം പിന്നിട്ടിട്ടും ഒരു അനുകൂലനടപടിയും പൊതുമരാമത്ത് വകുപ്പിന്‍റെ ഭാഗത്തുനിന്ന്​ ഉണ്ടായിട്ടില്ല. എന്നാൽ, കഴിഞ്ഞവർഷം ഉണ്ടായ ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും നാശം ഉണ്ടായ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പാലങ്ങൾ പുനർനിർമിച്ചപ്പോൾ ഈ പാലത്തെ അവഗണിക്കുകയും ജനപ്രതിനിധികൾ ഈ വിഷയത്തിൽ മൗനം പാലിക്കുകയാണെന്നും നാട്ടുകാർ പറയുന്നു. പടം ഒലിച്ചുപോയ ഇളപ്പുങ്കൽ-കാരക്കാട് നടപ്പാലം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.