മെഡിക്കൽ കോളജിൽ കോവിഡ് പരിശോധനക്ക്​ താമസം; പോസ്റ്റ്മോർട്ടം വൈകുന്നു

ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിൽ അപകടങ്ങളിൽ പെട്ട് ചികിത്സയിൽ കഴിയുന്നവർ മരിച്ചാൽ, കോവിഡ് പരിശോധനക്ക്​ താമസം നേരിടുന്നതായി പരാതി. ഇതുമൂലം യഥാസമയം പോസ്റ്റ്മോർട്ടം നടത്താൻ കഴിയാതെ ബന്ധുക്കൾ ബുദ്ധിമുട്ടുന്നു. അപകടങ്ങളിൽപ്പെട്ട് മരിക്കുന്നവരുടെ മൃതദേഹം പൊലീസ് ഇൻക്വസ്റ്റ്​ നടത്തുന്നതിനുമുമ്പ്​ കോവിഡ് പരിശോധന നടത്തണം. എന്നാൽ, മരിച്ച്​ 24 മണിക്കൂർ കഴിഞ്ഞിട്ടും കോവിഡ് പരിശോധനഫലം ലഭിക്കാത്തതിനാൽ ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും വൈകുകയാണ്​. കഴിഞ്ഞദിവസം രാവിലെ ഒമ്പതിന്​ മരിച്ച യുവതിയുടെ കോവിഡ് പരിശോധനഫലം പിറ്റേ ദിവസം രാവിലെ ഒമ്പതിനാണ്​ ലഭിച്ചത്. മരണവിവരം അറിഞ്ഞ് ഇൻക്വസ്റ്റ് നടപടിക്ക് വന്ന പൊലീസ്​ മടങ്ങിപ്പോയി. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ ഉണ്ടായി. ഇപ്പോൾ, അവധി ദിവസങ്ങളിൽ ഉച്ചക്ക്​ ഒരു മണിക്കുശേഷം കോവിഡ് പരിശോധന നിർത്തിവെച്ചിരിക്കുകയാണ്. ഇതും കാലതാമസത്തിന് കാരണമാകുന്നു. കോവിഡ് മാനദണ്ഡങ്ങൾ മാറ്റുന്നതുവരെ എല്ലാ ദിവസവും 24 മണിക്കൂറും കോവിഡ് പരിശോധനക്ക്​ സംവിധാനം ഒരുക്കണമെന്നാണ് ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.