ളാലം രാജ്യത്തെ മികച്ച ബ്ലോക്ക് പഞ്ചായത്ത്​

കോട്ടയം: പ്രവര്‍ത്തനമികവിനുള്ള ദേശീയ പുരസ്‌കാരമായ ദീന്‍ ദയാല്‍ ഉപാധ്യായ് പഞ്ചായത്ത് സശാക്തീകരണ്‍ പുരസ്‌കാര്‍ ളാലം ബ്ലോക്ക് പഞ്ചായത്തിന്. 2020 -21 വര്‍ഷത്തെ മികച്ച പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ്​ ളാലത്തെ രാജ്യത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തായി വീണ്ടും തെരഞ്ഞെടുത്തതെന്ന്​ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ റൂബി ജോസ്​ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഏപ്രിൽ 24ന്​ ജമ്മുകശ്മീരില്‍ നടക്കുന്ന ദേശീയ പഞ്ചായത്ത് ദിനാഘോഷ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അവാർഡ്​ സമ്മാനിക്കും. പ്രശസ്തിപത്രവും ട്രോഫിയും ബ്ലോക്ക് പഞ്ചായത്തില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര സര്‍ക്കാർ പ്രതിനിധികളില്‍നിന്ന്​ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റും ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും ചേര്‍ന്ന് ഏറ്റുവാങ്ങും. സംസ്ഥാനതലത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് ബ്ലോക്ക് പഞ്ചായത്തിന്‍റെ സമഗ്രമായ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റികളിലെ ജനപ്രതിനിധികളുടെ പങ്കാളിത്തം, ചര്‍ച്ചകളിലെ വൈവിധ്യം, ജനക്ഷേമ, വികസന പദ്ധതികളുടെ സൂക്ഷ്മമായ തെരഞ്ഞെടുപ്പ്, കമ്മിറ്റികളില്‍ ചര്‍ച്ചചെയ്യുന്ന കാര്യങ്ങളുടെ പ്രായോഗികതലത്തിലെ നിര്‍വഹണം തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്. 2012-13 മുതൽ 10 വര്‍ഷങ്ങളിലും തുടര്‍ച്ചയായി പദ്ധതി തുക നൂറുശതമാനവും ചെലവഴിച്ച സംസ്ഥാനത്തെ ഏക ബ്ലോക്ക് പഞ്ചായത്താണ് ളാലം. 2016-17 മുതൽ തുടര്‍ച്ചയായി മൂന്ന് വര്‍ഷങ്ങളിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിയും ളാലം ബ്ലോക്ക് നേടിയിട്ടുണ്ട്. സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തായി 2002-03, 2003-04, 2011-12, 2014-15, 2016-17, 2017-18, 2018-19, 2020-21 കാലങ്ങളിലും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2012-13ൽ ദേശീയ പുരസ്‌കാരമായ പഞ്ചായത്ത് സശാക്തീകരണ്‍ അവാര്‍ഡും 2011-12ൽ നിര്‍മൽ പുരസ്‌കാര്‍ അവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.