കോട്ടയം: യേശുവിന്‍റെ ജറൂസലം പ്രവേശനത്തിന്റെ ഓർമപുതുക്കി ക്രൈസ്തവർക്ക് ഇന്ന് ഓശാന ഞായർ. കഴുതപ്പുറത്തേറിയുള്ള യേശുവിന്‍റെ രാജകീയ പ്രവേശനത്തിന്‍റെയും സൈത്തീൻ കൊമ്പുകളും ഒലിവിലകളും വീശി നഗരവാസികൾ സ്വീകരിച്ചതിന്‍റെയും അനുസ്മരണയാണ് ഓശാന. ഇതിന്‍റെ ഭാഗമായി ഞായറാഴ്ച ദേവാലയങ്ങളിൽ കുരുത്തോല പ്രദക്ഷിണമടക്കം പ്രത്യേക പ്രാർഥന ശുശ്രൂഷകൾ നടക്കും. വാഴ്ത്തിയ കുരുത്തോലകൾ വിശ്വാസികൾക്ക് വിതരണം ചെയ്യും. ഇതുമായാകും വീടുകളിലേക്കുള്ള ഇവരുടെ മടക്കം. വിശുദ്ധ വാരാചരണത്തിനും ഇതോടെ തുടക്കമാകും. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതിനാൽ ഇത്തവണ ദേവാലയങ്ങൾ കൂടുതൽ സജീവമാകുമെന്ന കണക്കുകൂട്ടലിലാണ് സഭ നേതൃത്വങ്ങൾ. ഇനിയുള്ള ഒരാഴ്ച കൈസ്ത്രവ വിശ്വാസികൾക്ക് പ്രാർഥനാദിനങ്ങളാണ്. അന്ത്യ അത്താഴ സ്മരണ പുതുക്കുന്ന പെസഹ വ്യാഴം, കുരിശുമരണ ദിനമായ ദുഃഖവെള്ളി എന്നീ ആത്മീയ ദിനങ്ങളിലൂടെ കടന്ന് യേശുവിന്‍റെ ഉയിർത്തെഴുന്നേൽപിന്‍റെ ഓർമപുതുക്കുന്ന ഈസ്റ്ററോടെ ഇത് പൂർത്തിയാകും. പകൽ മുഴുവൻ നീളുന്ന തീരുകർമങ്ങളാണ് ദുഃഖവെള്ളി ദിനത്തിലുണ്ടാകുക. ഈസ്റ്ററോടെ അമ്പതിന് നോമ്പിനും സമാപനമാകും. വലിയ നോമ്പിന്‍റെ ഭാഗമായി കുരിശുമല തീർഥാടന കേന്ദ്രങ്ങളിൽ വലിയ തിരക്കും അനുഭവപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.