കുടമാളൂർ പാലം അപകടത്തില്‍; തൂണിൽ വിള്ളല്‍ കണ്ടെത്തി

മെഡിക്കൽ കോളജിലേക്കുള്ള നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പാലമാണിത്​ കുടമാളൂര്‍: ആര്‍പ്പൂക്കരയെയും കുടമാളൂരിനെയും ബന്ധിപ്പിക്കുന്ന മീനച്ചിലാറിന്​ കുറുകെ കുടമാളൂര്‍പാലം അപകടത്തില്‍. പാലത്തിന്‍റെ തൂണിലും അപ്രോച്ച് റോഡിന്‍റെ സംരക്ഷണഭിത്തിയിലും വിള്ളൽ കണ്ടെത്തി. നേരത്തേ വിള്ളല്‍ രൂപപ്പെട്ടിരുന്നുവെങ്കിലും കഴിഞ്ഞദിവസം ഇത്​ വലുതായി. ഇതോടെ അപകടസാധ്യത വർധിച്ചതായി നാട്ടുകാർ പറയുന്നു. 1953 മേയ് നാലിനാണ്​ കുടമാളൂര്‍, ആര്‍പ്പൂക്കര കരകളെ ബന്ധിപ്പിക്കുന്ന പാലത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിന്​ തുറന്നുകൊടുത്തത്. 160 അടി നീളവും 18അടി വീതിയിലാണ്​​ പാലം നിർമിച്ചത്​.​ ഇതുവരെ മറ്റ് ഗുരുതരമായ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. അടുത്തിടെയാണ്​ വിള്ളൽ കാണപ്പെട്ടത്​​. കോട്ടയത്തുനിന്ന്​ മെഡിക്കല്‍ കോളജിലെത്താനുള്ള ഏളുപ്പവഴിയായ ചുങ്കം-മെഡിക്കല്‍ കോളജ് ബൈപാസ് റോഡിലെ മൂന്നാമത്തെ പാലമാണിത്. ഭാരവണ്ടികളും മെഡിക്കല്‍ കോളജിലേക്ക്​ ആംബുലന്‍സുകളും ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് ദിവസേന പാലത്തിലൂടെ കടന്നുപോകുന്നത്. ഇത്​ ആശങ്ക ഇരട്ടിപ്പിക്കുന്നു​. പാലത്തിന്‍റെ കുടമാളൂര്‍ ഭാഗത്തെ ശിലാഫലകം ഉള്‍പ്പെടെ വിണ്ടുകീറിയിട്ടുണ്ട്​. അപ്രോച്ച് റോഡിന്‍റെ സംരക്ഷണഭിത്തി സമീപ തോട്ടിലേക്ക്​ ചരിഞ്ഞനിലയിലാണ്. അടിയന്തരമായി അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ വന്‍ അപകടത്തിന്​ സാധ്യതയുണ്ടെന്ന്​ നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഇതിനൊപ്പം പാലത്തിന്‍റെ വീതി വർധിപ്പിക്കണമെന്നാവശ്യം ഇവർ ഉയർത്തുന്നു. വീതികുറവ് കാൽനടക്കാർക്ക്​ ദുരിതമായതോടെ നാട്ടുകാരുടെ നിരന്തര പരാതിയെ തുടര്‍ന്ന് എം.പി ഫണ്ടില്‍നിന്ന് കോടികള്‍ ചെലവാക്കി പാലത്തിന്‍റെ ഒരുവശത്ത് നടപ്പാലം നിര്‍മിച്ചു. നാലടി വീതിയില്‍ ഇരുമ്പുപാളികളാണ് നടപ്പാതയില്‍ നിരത്തിയത്. പത്തുവര്‍ഷം മുമ്പ്​ നിര്‍മിച്ച നടപ്പാലത്തിന്‍റെ ഇരുമ്പുതകിടുകള്‍ അടുത്തിടെ ദ്രവിച്ച് വലിയ വിടവുകള്‍ രൂപപ്പെട്ടിരിക്കുകയാണ്. ആരാധന കേന്ദ്രങ്ങളിലേക്കും വിദ്യാലയങ്ങളിലേക്കുമായി ഇതുവഴി നിരവധിപേരാണ്​ കാല്‍നടയായി സഞ്ചരിക്കുന്നത്. വിദ്യാര്‍ഥികള്‍ അടക്കം നടപ്പാലത്തിലൂടെ നടന്നുപോകുമ്പോള്‍ തുരുമ്പിച്ച് ദ്രവിച്ച് അടര്‍ന്നുമാറിയ വിടവുകളില്‍ കാല്‍പെട്ട് അപകടം സംഭവിക്കാനും സാധ്യത ഏറെയാണെന്ന്​ ചൂണ്ടിക്കാട്ടപ്പെടുന്നു. പാലത്തിന്‍റെയും നടപ്പാലത്തിന്‍റെയും തകരാറുകൾ പരിഹരിക്കാൻ ഉടന്‍ നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു. ------ പടം KTL KUDAMALOOR വിണ്ടുകീറിയ കുടമാളൂർ പാലത്തിന്‍റെ ശിലാഫലകം ------ KTL KUDAMALOOR NADAPALAM കുടമാളൂർ പാലത്തിന്‍റെ നടപ്പാതയിലെ ദ്രവിച്ച ഇരുമ്പുപാളികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.