കോട്ടയം: ഭക്ഷ്യസുരക്ഷയും സുരക്ഷിത ഭക്ഷണവും ഉറപ്പാക്കാൻ നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതി ജനകീയമായി നടപ്പാക്കുമെന്ന് മന്ത്രി പി.പ്രസാദ്. പദ്ധതി കാമ്പയിന്‍റെ ഭാഗമായി സംഘടിപ്പിച്ച കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വീട്ടിലും സ്ഥാപനങ്ങളിലും വിഷരഹിത ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാറിന്‍റെ രണ്ടാം നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടപ്പാക്കുന്നതാണ് പദ്ധതി. ആരോഗ്യകരമായ ജീവിതത്തിന് മുഖ്യമായ വിഷാംശമില്ലാത്ത ഭക്ഷണം നമ്മുടെ മണ്ണില്‍ത്തന്നെ വിളയിച്ചെടുക്കണമെന്ന ബോധ്യം പുതുതലമുറയില്‍ വളര്‍ത്തിയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി കൃഷിയില്‍ ജനകീയ മുന്നേറ്റങ്ങള്‍ സാധ്യമാവണം. കൃഷിക്കൂട്ടായ്മകള്‍ വഴി ഒരു സെന്‍റ് മുതല്‍ ഒരു ഹെക്ടര്‍ വരെ സ്ഥലത്ത് പഴങ്ങള്‍, പച്ചക്കറി, നെല്ല് എന്നീ വിളകള്‍ക്ക് പ്രാധാന്യം നല്‍കി പുരയിടകൃഷി, വീട്ടുവളപ്പിലെ കൃഷി, സമ്മിശ്രകൃഷി, നവീന കൃഷിരീതികള്‍ എന്നിവ പ്രോത്സാഹിപ്പിക്കും. ഒരു പഞ്ചായത്തില്‍/മുനിസിപ്പാലിറ്റിയില്‍ കുറഞ്ഞത് 10 കാര്‍ഷിക ഗ്രൂപ്പുകള്‍ രൂപവത്കരിക്കും. ജില്ലയിലെ 79 കൃഷിഭവന്‍റെ കീഴില്‍ 790 കര്‍ഷക ഗ്രൂപ്പുകളുടെ രൂപവത്കരണത്തിനും അതുവഴി 750 ഹെക്ടര്‍ സ്ഥലത്ത് ജൈവകൃഷി നടപ്പാക്കാനും ലക്ഷ്യമിടുന്നുണ്ട്. കുറഞ്ഞ പലിശനിരക്കില്‍ കൃഷിക്കുള്ള വായ്പ ലഭ്യമാക്കും. ഓരോ പഞ്ചായത്തിലെയും രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രശസ്തരെയും വിരമിച്ച വകുപ്പ് ഉദ്യോഗസ്ഥരെയും പദ്ധതി പ്രചാരണത്തിൽ പങ്കാളികളാക്കണം. ആശ-അംഗൻവാടി വര്‍ക്കര്‍, കുടുംബശ്രീ പ്രവർത്തകർ, സഹകരണസംഘം, പ്രാദേശിക ബാങ്ക് തുടങ്ങിയവയുടെ പ്രതിനിധികൾ എന്നിവരെ പ്രചാരണ സമിതികളിൽ ഉള്‍പ്പെടുത്തും. പദ്ധതിയുടെ നടത്തിപ്പ് വിലയിരുത്താൻ കൃഷി ഓഫിസുകള്‍ക്ക് ഗ്രേഡിങ് സമ്പ്രദായം ഏര്‍പ്പെടുത്തുമെന്നും മികവ് കുറഞ്ഞവരെ മുന്‍നിരയിലെത്തിക്കാന്‍ പ്രത്യേക പരിശീലനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്കായുള്ള കാര്‍ഷിക പ്രതിജ്ഞ മന്ത്രി ചൊല്ലിക്കൊടുത്തു. കൃഷിവകുപ്പ് ഡയറക്ടര്‍ ടി.വി. സുഭാഷ് അധ്യക്ഷതവഹിച്ചു. കാര്‍ഷിക സര്‍വകലാശാല ഗവേഷണവിഭാഗം മേധാവി ഡോ. മധു സുബ്രഹ്മണ്യം, അഡീഷനല്‍ സെക്രട്ടറി സാബിര്‍ ഹുസൈന്‍, അഡീഷനല്‍ ഡയറക്ടര്‍ വി.ആര്‍. സോണിയ, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ബീന ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു. --- പടം: KTL Krishi 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതി കാമ്പയിനുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ കൃഷി വകുപ്പ്, മണ്ണ് പര്യവേക്ഷണ - മണ്ണുസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മന്ത്രി പി.പ്രസാദ് സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.