കെ. സ്വിഫ്​റ്റ്​ വന്നിട്ടും എം പാനലുകാർ പെരുവഴിയിൽ

പറഞ്ഞതു വിഴുങ്ങി മുഖ്യമന്ത്രി കോട്ടയം: കെ.എസ്​.ആർ.ടി.സിയിൽനിന്ന്​ പിരിച്ചുവിട്ട എം പാനൽ ജീവനക്കാർക്ക്​ ദീർഘദൂര സർവിസുകൾക്കായി രൂപവത്​കരിച്ച കെ. സ്വിഫ്​റ്റിൽ ജോലി നൽകുമെന്ന മുഖ്യമന്ത്രിയുടെ വാക്ക്​ പാഴായി. എം പാനൽ ജീവനക്കാരെ ഒഴിവാക്കില്ലെന്ന്​ 2020 ഒക്ടോബർ 15നാണ്​ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്​. കോടതി വിധി അടിസ്​ഥാനത്തിൽ 10 വർഷം സേവനം ഉള്ളവരും പി.എസ്​.സിയോ എംപ്ലോയ്​മെന്‍റ്​ എക്സ്​ചേഞ്ച്​ വഴിയോ നിയമനം ലഭിച്ചവരെ മാത്രമെ സ്​ഥിരപ്പെടുത്താൻ കഴിയുകയുള്ളൂ. മറ്റുള്ളവരെ ഘട്ടം ഘട്ടമായി സബ്സിഡിയറി കമ്പനി ആയി രൂപവത്​കരിക്കുന്ന കെ. സ്വിഫ്​റ്റിൽ തൊഴിൽ നൽകുമെന്നാണ്​ അദ്ദേഹം പറഞ്ഞത്​. 2021 ജൂൺ 18ന്​ കെ.എസ്​.ആർ.ടി.സിയിലെ സംഘടനകളുമായി ചർച്ചക്കുള്ള അജണ്ടയുടെ ഏഴാം പേജിൽ സി.എം.ഡി ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. 10 മുതൽ 12 വർഷം വരെ ജോലി ചെയ്തിരുന്ന 8906 തൊഴിലാളികളെയാണ്​ പുറത്താക്കിയത്. 2018 ഫെബ്രുവരി 21 ലെ ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ആദ്യം 4070 കണ്ടക്ടർമാരെയും പിന്നാലെ 1885 ഡ്രൈവർമാരെയും കുറച്ചുനാളുകൾക്ക്​ ശേഷം മറ്റൊരു 2951 എം പാനൽ തൊഴിലാളികളെയുമാണ്​ പിരിച്ചുവിട്ടത്​. സാധാരണ തൊഴിലാളികൾക്ക്​ നൽകുന്നതിന്‍റെ പകുതി ശമ്പളം പോലും ഇവർക്കു നൽകിയിരുന്നില്ല. അന്നത്തെ ശമ്പള സ്​കെയിലിൽ സ്​ഥിരം ഡ്രൈവർ /കണ്ടക്ടറുടെ എട്ടു മണിക്കൂർ സമയത്തെ ശമ്പളം 760 രൂപയായിരുന്നു, എന്നാൽ എം. പാനലുകൾക്ക് നൽകിയിരുന്നത് 480 രൂപ മാത്രമായിരുന്നു. കെ. സ്വിഫ്​റ്റിലേക്ക് എം പാനലുകാരെ നിയമിക്കുമെന്ന വാഗ്​ധാനം മറികടന്നാണ്​ ജനുവരി 24ന്​ പത്രങ്ങളിൽ കെ. സ്വിഫ്​റ്റിലെ ഡ്രൈവർ കം കണ്ടക്ടർ ജോലി ഒഴിവ്​ സംബന്ധിച്ച പരസ്യം നൽകിയത്. സർക്കാർ സ്​ഥാപനമായ സെന്‍റർ ഫോർ മാനേജ്മെന്‍റ്​ ഡെവലപ്മെന്‍റിനാണ്​ കെ. സ്വിഫ്​റ്റിലേക്ക് ജീവനക്കാരെ തെരഞ്ഞെടുക്കാൻ അധികാരം നൽകിയത്. അതിനിടെ, ഡ്രൈവർ കം കണ്ടക്ടർ എന്നതുതന്നെ തൊഴിൽ ചൂഷണമാണെന്ന്​ നിയമവിദഗ്​ധർ ചൂണ്ടിക്കാട്ടുന്നു. ദീർഘദൂര സർവിസുകളിൽ രണ്ട്​ ഡ്രൈവർ കം കണ്ടക്ടർമാരെ അയച്ചാൽ അവർ മാറി മാറി വണ്ടി ഓടിക്കും എന്നാണ് ഇതിന്‍റെ ഗുണമായി ചൂണ്ടിക്കാണിച്ചത്. എന്നാൽ, തൊഴിലാളി യൂനിയനുകൾക്ക്​ നൽകിയ ചർച്ച അജണ്ടയുടെ 19-ാം പേജിൽ മോട്ടോർടാൻസ്​പോർട്ട് വർക്കേഴ്സ്​ നിയമം അനുസരിച്ച് ദീർഘദൂര സർവിസുകളിൽ ഡ്രൈവറേയും കണ്ടക്ടറേയും പരമാവധി എട്ടു മണിക്കൂർ കൂടുതൽ തുടർച്ചയായി നിയോഗിക്കാൻ പാടില്ല എന്ന്​ സി.എം.ഡി ചൂണ്ടിക്കാട്ടിയിട്ടുണ്ട്​. 2022 മാർച്ചിൽ കെ. സ്വിഫ്​റ്റിന്​ നൽകിയ റാങ്ക്​ ലിസ്റ്റിൽ 1554 പേരെയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. 4070 എം പാനൽ കണ്ടക്ടർമാരും 1885 എംപാനൽ ഡ്രൈവർമാരും ഉണ്ടായിരിക്കെ അടുത്ത അഞ്ചു വർഷത്തിനിടെ പുറത്തിറക്കാൻ പോകുന്ന 1000 ബസുകളിലെങ്കിലും ഇവരെ നിയമിക്കാമായിരുന്നുവെന്ന്​ ചൂണ്ടിക്കാട്ടപ്പെടുന്നു. കെ. സ്വിഫ്​റ്റിലെ നിയമനം പകുതി കൂലിക്ക്​ പണിയെടുപ്പിക്കാൻ കോട്ടയം: കെ.എസ്​.ആർ.ടി.സിക്ക്​ കീഴിലാണെങ്കിലും എം പാനലുകാരെ ഒഴിവാക്കി കെ. സ്വിഫ്​റ്റിലേക്ക്​ ജീവനക്കാരെ തെരഞ്ഞെടുക്കാൻ കാരണം പകുതി കൂലി നൽകി ജോലിയെടുപ്പിക്കാനാണെന്ന്​ ജീവനക്കാർതന്നെ ആരോപിക്കുന്നു. എന്നാൽ, അംഗീകൃത സംഘടനകളൊന്നും ഇക്കാര്യത്തിൽ ഇടപെടാത്തതിനാൽ ജീവനക്കാരും നിസ്സഹായരാണ്​. കെ.എസ്​.ആർ.ടി.സിയിലെ പുതുക്കിയ ശമ്പളപ്രകാരം പ്രതിമാസ വേതനം 24,610 രൂപയാണ്. മാസം 26 ഡ്യൂട്ടി കണക്കാക്കിയാൽ എട്ടു മണിക്കൂർ ജോലിക്കുള്ള കൂലി 947 രൂപയാണ്​. കെ. സ്വിഫ്​റ്റിൽ എടുക്കുന്ന ഡ്രൈവർ കം കണ്ടക്ടർ ജീവനക്കാർക്ക് പ്രതിദിനം ഒരു ഡ്യൂട്ടിയും ആഴ്ചയിൽ ഒരു വീക്കിലി ഓഫും മാത്രമാണ് അനുവദിക്കുക. ഒരു ഡ്യൂട്ടിക്ക് 715 രൂപ ശമ്പളം അനുവദിക്കും. എന്നാൽ, എട്ടു മണിക്കൂർ ഡ്യൂട്ടിക്ക്​ ശേഷമുള്ള അധിക മണിക്കൂറിന് ആറു മണിക്കൂർ വരെ 375 രൂപ മാത്രമാണ് നൽകുക. 14 മണിക്കൂർ ജോലി കെ.എസ്​.ആർ.ടി.സിയിൽ ഡബിൾ ഡ്യൂട്ടിയായാണ് പരിഗണിക്കുന്നത്​. നൽകേണ്ട ശമ്പളം 1894 രൂപയാണെങ്കിൽ കെ. സ്വിഫ്​റ്റിൽ അത് 1090 രൂപ മാത്രം. ചുരുക്കത്തിൽ കെ.എസ്​.ആർ.ടി.സിയിലെ തൊഴിലാളികൾക്ക്​ നൽകുന്നതിന്‍റെ പകുതിമാത്രം കൂലി നൽകി ജോലി ചെയ്യിക്കാനാണ്​ കെ. സ്വിഫ്​റ്റ്​ ഉണ്ടാക്കിയിരിക്കുന്നത്​. പച്ചയായ തൊഴിലാളി ചൂഷണമാണ്​ ഇതെന്ന്​ വ്യക്തം. ടി. ജുവിൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.