നിയമലംഘകരെ കണ്ടെത്താൻ പണി തുടങ്ങി കാമറകൾ; പിഴ പിന്നാലെ

കോട്ടയം: നിയമലംഘകരെ പിടികൂടാനുള്ള മോട്ടോര്‍ വാഹനവകുപ്പിന്‍റെ കാമറകൾ ചിത്രങ്ങൾ പകർത്തിത്തുടങ്ങി. എന്നാൽ, പിഴ അടക്കം നിയമനടപടികൾ ഇതുവരെ തുടങ്ങിയിട്ടില്ല. ജില്ലയില്‍ 46 സ്ഥലത്താണ്​ കാമറ സ്ഥാപിച്ചത്​. ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തില്‍ ചിത്രങ്ങള്‍ പകര്‍ത്തി കണ്‍ട്രോള്‍ റൂമില്‍ പരിശോധിക്കുകയാണ്​. ദിവസങ്ങൾക്കുള്ളിൽ പിഴ ഈടാക്കിത്തുടങ്ങുമെന്ന്​ മോട്ടോര്‍ വാഹനവകുപ്പ്​ അധികൃതർ അറിയിച്ചു. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (നിർമിത ബുദ്ധി) കാമറകളാണ് ജില്ലയിൽ സ്ഥാപിച്ചിരിക്കുന്നത്. ഇതിൽ പ്രോഗ്രാം ചെയ്ത നിയമ ലംഘനങ്ങൾ കണ്ടാൽ ചിത്രം പകർത്തും. സൗരോർജം കൊണ്ട്​ രാത്രിയിലും പകലും ഒരുപോലെ പ്രവർത്തിക്കും. കേബിളോ മറ്റ് ലൈനുകളോ ഇല്ലാതെ സിം കാർഡ് ഉപയോഗിച്ചാണ് കാമറകൾ ഇന്‍ററർനെറ്റ് വഴി ദൃശ്യങ്ങൾ അയക്കുന്നത്. കാമറക്ക്​ 30 ലക്ഷം രൂപ വരെയാണ്​ വില. കെൽട്രോണാണ്​ ഇവ സ്ഥാപിച്ചത്​​. കാമറകൾ പകർത്തുന്ന നിയമലംഘനങ്ങളുടെ ദൃശ്യങ്ങൾ അപ്പോൾത്തന്നെ തിരുവനന്തപുരത്തെ സംസ്ഥാന കൺട്രോൾ റൂമിലേക്ക് അയക്കും. നിയമലംഘനം നടത്തിയ വാഹനത്തിന്‍റെ ചിത്രവും പിഴയും ഉൾപ്പെടുന്ന നോട്ടീസ് അവിടെനിന്ന് മോട്ടോർ വാഹന വകുപ്പിന്‍റെ ജില്ല ഓഫിസിലേക്ക് അയക്കും. ഇവിടെനിന്ന്​ തപാൽ വഴി വാഹന ഉടമകൾക്ക് നോട്ടീസ്​ ലഭിക്കും. പിഴ ഓൺലൈൻ വഴി അടക്കണം. അക്ഷയകേന്ദ്രങ്ങൾ വഴിയും പിഴ അടക്കാൻ സൗകര്യമുണ്ട്. 30 ദിവസത്തിനകം പിഴ അടച്ചില്ലെങ്കിൽ മോട്ടോർ വാഹന വകുപ്പ് കേസ് കോടതിയിലേക്ക് കൈമാറും. അപ്പോൾ കേന്ദ്രനിയമപ്രകാരമുള്ള ഇരട്ടിത്തുക കോടതിയിൽ അട​ക്കേണ്ടിവരുമെന്ന്​ ഉദ്യോഗസ്ഥർ പറഞ്ഞു. കേന്ദ്ര മോട്ടോർ വാഹന വകുപ്പ് നിയമത്തിലെ പിഴ സംസ്ഥാന സർക്കാർ ഇളവുചെയ്താണ് നിലവിൽ മോട്ടോർ വാഹന വകുപ്പ് പിഴ ഈടാക്കുന്നത്. കേസ് കോടതിയിൽ എത്തുമ്പോൾ കേന്ദ്ര നിയമത്തിലെ പിഴ അടക്കേണ്ടിവരുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. -- കാമറകള്‍ സ്ഥാപിച്ച സ്ഥലങ്ങള്‍ . എം.സി റോഡില്‍ ളായിക്കാട് പാലത്തിനുസമീപം- രണ്ട്​ . എം.സി റോഡില്‍ തുരുത്തി കണ്ണംപേരൂര്‍ പാലം - രണ്ട്​ . ചങ്ങനാശ്ശേരി - വാഴൂര്‍ റോഡ് പാറേല്‍പള്ളി ജങ്ഷന്‍ . കറുകച്ചാല്‍- രണ്ട്​ . എം.സി റോഡില്‍ മണിപ്പുഴ . കോടിമത നാലുവരിപ്പാത - രണ്ട്​ . നാഗമ്പടം പാലം . ചവിട്ടുവരി ജങ്​ഷന്​ സമീപം . ഏറ്റുമാനൂർ വിമല ആശുപത്രിക്കുസമീപം . തവളക്കുഴി . കോട്ടയം - കുമരകം റോഡ് സി.എം.എസ് കോളജിന്​ സമീപം - രണ്ട്​ . കഞ്ഞിക്കുഴി . കഞ്ഞിക്കുഴി പ്ലാന്‍റേഷൻ കോർപറേഷനുസമീപം . കട്ടച്ചിറ . പാലാ അൽഫോൻസ കോളജിന്​ സമീപം . പാലാ സബ്​ ആർ.ടി ഓഫിസിനുസമീപം . പാലാ സെന്‍റ്​ തോമസ്​ സ്കൂളിന്​ സമീപം - രണ്ട്​ . മൂന്നാനി . കിഴതടിയൂർ ജങ്​ഷൻ . പ്രവിത്താനം ജങ്​ഷന്​ സമീപം . ഈരാറ്റുപേട്ട സെന്‍ട്രല്‍ ജങ്ഷന്‍ . ഈരാറ്റുപേട്ട ആനയിളപ്പ് . ഈരാറ്റുപേട്ട അരുവിത്തുറ പള്ളിക്കുസമീപം . ഈരാറ്റുപേട്ട നടക്കല്‍ മുബാറക് മസ്ജിദിനുസമീപം . ഈരാറ്റുപേട്ട അല്‍മനാര്‍ സ്കൂളിന്​ സമീപം . ഈരാറ്റുപേട്ട മസ്ജിദ് നൂര്‍ ജുമാമസ്ജിദിന്​ സമീപം - രണ്ട്​ . പൊൻകുന്നം ജങ്​ഷന്​ സമീപം - രണ്ട്​ . പൈക സെന്‍റ്​ ജോസഫ്​ പള്ളിക്ക്​ സമീപം -രണ്ട്​ .പൂവരണി ഗവ. യു.പി സ്കൂളിന്​ സമീപം . മുരിക്കുമ്പുഴ .പൊന്‍കുന്നം പൊലീസ് സ്‌റ്റേഷനുസമീപം . പൊൻകുന്നം പാലത്തിനുസമീപം . കാഞ്ഞിരപ്പള്ളി 26ാം മൈൽ ബസ്​സ്​റ്റോപ്​ . തലപ്പാറ ജങ്ഷന്‍ . തലയോലപ്പറമ്പ് ഗവ. ആശുപത്രി ജങ്ഷന്‍ . തലയോലപ്പറമ്പ്​ ജങ്​ഷൻ -------------- പിഴ ഇങ്ങനെ . ഹെൽമറ്റില്ലാതെ ബൈക്ക് ഓടിച്ചാൽ - 500 രൂപ . ഹെൽമറ്റില്ലാതെ ബൈക്കിന്‍റെ പിന്നിലിരുന്ന് യാത്ര ചെയ്താൽ -500 . മൂന്നുപേർ ബൈക്കിൽ യാത്ര ചെയ്താൽ - 1000 . വാഹനയാത്രക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ - 2000 . സീറ്റ് ബെൽറ്റ് ഇടാതെ വാഹനം ഓടിച്ചാൽ - 500 . നിയമവിധേയമല്ലാതെ ക്രാഷ് ഗാർഡ്, എക്സ്ട്രാ ഫിറ്റിങ്സ് എന്നിവ കണ്ടെത്തിയാൽ - 5000 .അപകടകരമായ വിധം വാഹനത്തിന്​ പുറത്തേക്ക് ലോ‍ഡ് കയറ്റിയാൽ - 20,000 രൂപ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.