കാറുകള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

പാലാ: പാലാ-പൊന്‍കുന്നം റോഡില്‍ പൈകയില്‍ കാറുകള്‍ കൂട്ടിയിടിച്ച് സ്ത്രീ ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. അഞ്ചുമാസം പ്രായമുള്ള ആണ്‍കുട്ടി ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകീട്ട്​ മൂന്നിന് പൈക സി.എസ്‌.കെ പമ്പിന് സമീപമായിരുന്നു അപകടം. ഉടുമ്പന്നൂര്‍ കാഞ്ഞിരത്തുങ്കല്‍ ഇസ്മായിലിന്‍റെ ഭാര്യ കുമളി അട്ടപ്പള്ളം നേതാജിനഗര്‍ മേട്ടില്‍ ഷംല (63), ഇടുക്കി ബൈസണ്‍വാലി മുട്ടുകാട് വാഴക്കല്ലുങ്കല്‍ മണി (65) എന്നിവരാണ് മരിച്ചത്. ഇരുവരും രണ്ട്​ കാറിലാണ് യാത്ര ചെയ്തിരുന്നത്. ഇരുകാറിലുമുണ്ടായിരുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്ക്. ഷംലയുടെ മകന്‍ ഷിയാസ് (24), ഭാര്യ സുല്‍ഫി (21), ഇവരുടെ അഞ്ചുമാസം പ്രായമുള്ള മകന്‍ ഇയാന്‍ എന്നിവരെ പരിക്കേറ്റ് ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച മണിയുടെ സഹോദരന്‍ ഹരിഹരന്‍ (64), ഹരിഹരന്‍റെ ഭാര്യ ഓമന (57), ഇവരുടെ മകന്‍ അരുണ്‍ (34), മണിയുടെ മറ്റൊരു സഹോദരന്‍ രാജന്‍ (65) എന്നിവരെ പരിക്കുകളോടെ മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുമളിക്ക് പോവുകയായിരുന്ന ഷംലയും കുടുംബവും സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട്‌ റോഡിൽ വട്ടംകറങ്ങി പൊന്‍കുന്നം ഭാഗത്തുനിന്ന് എത്തിയ മണിയും കുടുംബാംഗങ്ങളും സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നു. കാര്‍ ഓടിച്ചിരുന്നത് ഷിയാസ് ആയിരുന്നു. നാട്ടുകാരും പാലാ പൊലീസും ചേർന്നാണ്‌ രക്ഷാപ്രവര്‍ത്തനം നടത്തി ഇരു വാഹനത്തിലുള്ളവരെയും ആശുപത്രിയില്‍ എത്തിച്ചത്. പരിക്കേറ്റവരില്‍ ഷിയാസിന്‍റെയും ഹരിഹരന്‍റെയും നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു. പാലാ എസ്.എച്ച്.ഒ കെ.പി തോംസണിന്‍റെ നേതൃത്വത്തില്‍ പൊലീസ് നടപടി സ്വീകരിച്ചു. മൃതദേഹങ്ങൾ പാലാ താലൂക്കാശുപത്രി മോർച്ചറിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.