നിർണായകമായത്​ പഴുതടച്ച അന്വേഷണം

കോട്ടയം: ലെനീഷിനെ കൊലപ്പെടുത്തിയ കേസിലെ മുഴുവൻ പ്രതികൾക്കും​ ജീവപര്യന്തം തടവ്​ ലഭിച്ചതോടെ, അഭിമാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ. പഴുതടച്ച അന്വേഷണവും പ്രോസിക്യൂഷൻ മികവുമാണ്​ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കാൻ ഇടയാക്കിയത്​. വിധി കേൾക്കാൻ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന അന്നത്തെ പാമ്പാടി സി.ഐയും ഇപ്പോൾ എറണാകുളം വിജിലൻസ് ഡിവൈ.എസ്.പിയുമായ സാജു വർഗീസും പാമ്പാടിയിലെ അന്നത്തെ എസ്.ഐയും ഇപ്പോൾ കോട്ടയം ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസറുമായ യു. ശ്രീജിത്തും എത്തിയിരുന്നു. സംഭവം നടക്കുമ്പോൾ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പിയായിരുന്ന എസ്. സുരേഷ് കുമാറാണ് കേസന്വേഷിച്ചത്. നിലവിൽ അ​ദ്ദേഹം കോട്ടയം അഡീഷനൽ എസ്.പിയാണ്​. കേസിലെ അഞ്ചാം പ്രതിയായിരുന്ന കൊച്ചുതോപ്പ് പാറാംതോട്ടത്തിൽ മനുമോനെ (24) പ്രോസിക്യൂഷൻ മാപ്പുസാക്ഷിയാക്കിയതും കേസിൽ നിർണായകമായി. കൊലപാതകം നടത്തിയ ശേഷം പ്രതികൾ മനുമോന്‍റെ ഓട്ടോറിക്ഷയിലാണ് മൃതദേഹം പാമ്പാടിക്ക്​ സമീപം റോഡരികിൽ ഉപേക്ഷിച്ചത്. കൊലപാതകം ഒഴികെ കേസുമായി ബന്ധപ്പെട്ട സംഭവങ്ങളിലെല്ലാം പ്രതികൾക്കൊപ്പം മനുവും ഉണ്ടായിരുന്നു. കൊല്ലപ്പെട്ട ലെനീഷും പ്രതികളും തമ്മിലെ ബന്ധം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചു. ഒന്നാം പ്രതി ശ്രീകല കൊല്ലപ്പെട്ട ലെനീഷിനെ ഫോണിൽ ബന്ധപ്പെട്ടതിനും പ്രതികൾ തമ്മിൽ നിരന്തരം ഫോൺ വിളിച്ചതിന്‍റെ രേഖകളും കോടതിയിലെത്തി. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് പ്രതികളായ ശ്രീകലയുടെയും ഷിജോയുടെയും രക്തം ലഭിച്ചിരുന്നു. ഈ രക്തസാമ്പിളുകൾ പ്രതികളുടേതാണെന്ന്​ തെളിയിക്കാനും പ്രോസിക്യൂഷന്​ കഴിഞ്ഞു. പ്രോസിക്യൂഷനുവേണ്ടി ഗിരിജ ബിജുവാണ് കോടതിയിൽ ഹാജരായത്. ഇവർ പ്രോസിക്യൂട്ടറായ തുടർച്ചയായ അഞ്ചാം കേസാണ്​ ഇത്​. എല്ലാ കേസിലും പ്രതികളെ ശിക്ഷിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.