കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ വണ്ടിയിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന പരാതി: തൃശൂർ മേയർക്കെതിരെ കേസ്​

ഡ്രൈവര്‍ ഒന്നാം പ്രതി തൃശൂര്‍: സമരം ചെയ്ത കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ വണ്ടിയിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന പരാതിയില്‍ തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസിന്റെ പേരില്‍ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. മേയറുടെ ഡ്രൈവര്‍ ലോറന്‍സാണ് ഒന്നാം പ്രതി. മേയര്‍ രണ്ടാം പ്രതിയും. ഇന്ത്യന്‍ ശിക്ഷാനിയമം 308ാം വകുപ്പാണ് ഇരുവരുടേയും പേരില്‍ ചുമത്തിയത്. 324 (അപകടം വരുത്താവുന്ന വസ്തുക്കൾ ഉപയോഗിക്കൽ), സംഘം ചേരൽ (34) വകുപ്പുകളും ചുമത്തി. പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ നൽകിയ പരാതിയിൽ ടൗൺ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. ഒഴിഞ്ഞുമാറിയിരുന്നില്ലെങ്കില്‍ മരണം സംഭവിക്കുമായിരുന്ന അപകടമായി മാറിയേനെ എന്നതിനാലാണ് മനഃപൂര്‍വമല്ലാത്ത നരഹത്യശ്രമത്തിനുള്ള ഈ വകുപ്പ് ഉള്‍പ്പെടുത്തിയത്. ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കോര്‍പറേഷന്‍ പരിധിയിലെ കുടിവെള്ള പ്രശ്‌നത്തെച്ചൊല്ലിയുള്ള പ്രതിഷേധത്തിനിടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ മേയറുടെ കാര്‍ തടയുകയായിരുന്നു. മുന്നോട്ടെടുത്ത കാര്‍ തട്ടി ഏഴ് കൗണ്‍സിലര്‍മാര്‍ക്ക് പരിക്കേറ്റിരുന്നു. പ്രതിഷേധം തടയാനെത്തിയതിനെ തുടര്‍ന്ന് നാല് എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ക്കും പരിക്കേറ്റിരുന്നു. അതേസമയം, ഡ്രൈവറെ മാറ്റി നിർത്താതെ സമരം പിൻവലിക്കില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. മൂന്നാം ദിവസവും സമരം തുടരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.