കാഞ്ഞിരപ്പള്ളിയിൽ ഇൻഡേൻ പാചകവാതക ഏജൻസി വേണമെന്ന്​

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ ഇൻഡേൻ പാചകവാതക ഏജൻസി തുറക്കുവാൻ അടിയന്തര നടപടി വേണമെന്ന് ഉപഭോക്താക്കൾ. നിയോജകമണ്ഡലം-താലൂക്ക്-ബ്ലോക്ക് ആസ്ഥാനവും വിസ്തൃത പഞ്ചായത്തുമായ കാഞ്ഞിരപ്പള്ളിയിൽ പൊൻകുന്നത്ത് പ്രവർത്തിക്കുന്ന മേരിമാതാ ഇൻഡേൻ ഏജൻസിയിൽനിന്നുമാണ് ഇപ്പോൾ പാചകവാതകമെത്തുന്നത്. ആഴ്ചയിൽ രണ്ടു തവണ വിതരണമുണ്ടെങ്കിലും എല്ലാ മേഖലയിലും ഓടിയെത്താനാവാത്ത സ്ഥിതിയാണ്. ഇതുകാരണം പ്രധാന വീഥികളിൽനിന്ന്​ അകന്നുതാമസിക്കുന്നവർ കുറ്റി ചുമന്നും ഓട്ടോയിൽകയറ്റി വിവിധ കടകളിൽ കൊണ്ടുപോയി വെച്ചാണ് ഗ്യാസ്​ എടുക്കുന്നത്. ഇങ്ങനെ കടയിൽ വെയ്ക്കുമ്പോൾ 20 മുതൽ 30 വരെ രൂപ കടക്കാരന് നൽകണം. പിന്നെ ഓട്ടോ കൂലിയും നൽകണം. അങ്ങനെ ഒരു ഗ്യാസ് സിലിണ്ടറിന് 1100 രൂപ നൽകേണ്ട സ്ഥിതിയാണ്. കാഞ്ഞിരപ്പള്ളിയിൽ ഒരു ഏജൻസി അനുവദിച്ച് പ്രവർത്തിച്ചുതുടങ്ങിയാൽ ഉപഭോക്താക്കൾക്ക് ഏറെ പ്രയോജനകരമാകുമെന്ന്​ കാഞ്ഞിരപ്പള്ളി വികസന സമിതി യോഗം അധികൃതർക്ക് നിവേദനം നൽകി. ചെയർമാൻ ഇക്ബാൽ ഇല്ലത്തുപറമ്പിൽ, എം.എ. റിബിൻഷാ, വി.എസ്. സലേഷ് വടക്കേടത്ത്, വി.പി. ഷിഹാബുദ്ദീൻ വടക്കേടത്ത് എന്നിവരാണ് നിവേദകസംഘത്തിലുണ്ടായിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.