മദ്യത്തിൽ വിഷം നൽകി കൊല: പിടിയിലാകും മുമ്പ്​ പ്രതി കൈഞരമ്പ്​ മുറിച്ചെന്ന്​ പൊലീസ്​

കട്ടപ്പന: സഹോദരിയോട് മോശമായി പെരുമാറിയ 18കാരനെ മദ്യത്തിൽ വിഷം നൽകി കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിലാകും മുമ്പ്​ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക്​ ശ്രമിച്ചെന്ന്​ പൊലീസ്​. നെറ്റിത്തൊഴു മണിയൻപെട്ടി സത്യവിലാസം രാജ്കുമാറിനെ (17) കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്ത് മണിയൻപെട്ടി കോളനിയിൽ പ്രവീണാണ്​ (23) ആത്​മഹത്യക്ക്​ ശ്രമിച്ചത്. സഹോദരിയോട് ഒരുമാസം മുമ്പ്​ രാജ്​കുമാർ മോശമായി പെരുമാറിയതിന്‍റെ വൈരാഗ്യമാണ് പ്രവീണിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. ഉറ്റസുഹൃത്തുകൂടിയായ രാജ്കുമാറിനെ അപായപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ അയാളെയുംകൂട്ടി കേരള-തമിഴ്‌നാട് അതിർത്തിയിലുള്ള വനത്തിൽ ഒന്നര കിലോമീറ്ററോളം ഉള്ളിൽ കടന്ന് മൂന്നാം ഊത്ത് എന്ന ഭാഗത്ത് എത്തി മദ്യപിച്ച ശേഷമാണ് കൊലപാതകം നടത്തിയത്. പൊലീസ്​ അന്വേഷണം ആരംഭിച്ചത്​ അറിഞ്ഞതോടെ പിടിക്കപ്പെടുമെന്ന്​ ഭയന്ന്​ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക്​ ശ്രമിക്കുകയായിരുന്നു. കൈ തുണി ഉപയോഗിച്ച് കെട്ടിവെച്ചാണ് പിതാവിനൊപ്പം ഇയാൾ പൊലീസ് സ്‌റ്റേഷനിൽ എത്തിയത്. പൊലീസ് ഉദ്യോഗസ്ഥരാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ഇയാളെയും കൊണ്ട് വനമേഖലയിൽ തിരച്ചിൽ നടത്തുകയും മൃതദേഹം കണ്ടെത്തുകയുമായിരുന്നു. പ്രതിയെ നെടുങ്കണ്ടം കോടതി റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.