എരുത്വാപ്പുഴ മലവേടർ കോളനി വികസനം: പ്രത്യേക ഊരുകൂട്ടം നടത്തി

എരുമേലി: അംബേദ്കർ ഗ്രാമവികസന പദ്ധതിയുടെ മാർഗരേഖപ്രകാരം എരുത്വാപ്പുഴ മലവേടർ കോളനി വികസനത്തിന് ആവശ്യമായ പദ്ധതി തയാറാക്കുന്നതിന്​ ചേർന്ന പ്രത്യേക ഊരുകൂട്ടം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പട്ടികവർഗ വികസന വകുപ്പിന്‍റെ അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ പിന്നാക്കം നിൽക്കുന്ന വലിയ പട്ടികവർഗ കോളനിയായ എരുത്വാപ്പുഴ മലവേടർ കോളനിക്ക് ഒരു കോടി അനുവദിച്ചതായി എം.എൽ.എ പറഞ്ഞു. ഊരുകൂട്ടത്തിൽ അംഗങ്ങളായവരുടെ ആവശ്യങ്ങൾ മുൻഗണനാക്രമത്തിൽ രേഖപ്പെടുത്തി കലക്ടറുടെ അധ്യക്ഷതയിലുള്ള വിദഗ്ധ സമിതിക്ക് അയക്കുകയും ഡയറക്ടറേറ്റിൽനിന്ന്​ അംഗീകാരം ലഭിക്കുന്ന മുറക്ക്​ വിശദപദ്ധതിയും മാസ്റ്റർ പ്ലാനും തയാറാക്കും. ഇതിനായി സംസ്ഥാന നിർമിതി കേന്ദ്രത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു. എരുമേലി പഞ്ചായത്ത് പ്രസിഡന്‍റ്​ തങ്കമ്മ ജോർജ്കുട്ടി അധ്യക്ഷത വഹിച്ചു. ആർ.ഡി.ഒ രാജേന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തി. പട്ടികവർഗ വികസന വകുപ്പ് ജില്ല ഓഫിസ് ഇൻ ചാർജ് വിധുമോൾ സ്വാഗതവും പുഞ്ചവയൽ ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ എ. നിസാർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.