കെ.എസ്.ആർ.ടി.സി മെക്കാനിക്കൽ വിഭാഗത്തിലെ ഉപകരണങ്ങൾ കൊണ്ടുപോകാനുള്ള നീക്കം തടഞ്ഞു

എരുമേലി: കെ.എസ്.ആർ.ടി.സിയിൽ നടപ്പാക്കുന്ന പുതിയ നയങ്ങളുടെ ഭാഗമായി എരുമേലി ഓപറേറ്റിങ് സെന്‍ററിലെ മെക്കാനിക്കൽ വിഭാഗത്തിലെ ഉപകരണങ്ങൾ കൊണ്ടുപോകാനുള്ള നീക്കം സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരും നാട്ടുകാരും തടഞ്ഞു. പ്രതിഷേധം ശക്തമായതോടെ ഉപകരണങ്ങൾ കൊണ്ടുപോകാനെത്തിയ വാഹനം തിരിച്ചുപോയി. പരിഷ്ക്കരണത്തിന്‍റെ മറവിൽ എരുമേലി ബസ്​സ്​റ്റേഷനെ ഇല്ലാതാക്കാൻ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ചാണ് നാട്ടുകാർ പ്രതിഷേധവുമായി എത്തിയത്. വ്യാഴാഴ്ച ഉച്ചക്ക്​ 12ഓടെയാണ് സംഭവം. പ്രതിഷേധത്തെ തുടർന്ന് സി.പി.എം കെ.എസ്.ആർ.ടി.സി ഗാരേജിന് മുന്നിൽ കൊടിനാട്ടി. മെക്കാനിക്കൽ വിഭാഗത്തിലെ ഉപകരണങ്ങൾ കൊണ്ടുപോകാൻ പൊൻകുന്നം ഡിപ്പോയിൽനിന്ന്​ ഉദ്യോഗസ്ഥർ എത്തുമെന്നറിഞ്ഞ് നാട്ടുകാർ സംഘടിക്കുകയായിരുന്നു. ജനകീയാസൂത്രണ പദ്ധതിയിൽ നിർമിച്ച കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സെന്‍റർ നിർത്തലാക്കാൻ ശ്രമിക്കുകയാണെന്നും ഇതിന് അനുവദിക്കില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് തീർഥാടകരാണ് എരുമേലിയിൽ എത്തുന്നത്. ഇവരിൽ നല്ലൊരു വിഭാഗം തീർഥാടകരും കെ.എസ്.ആർ.ടി.സി ബസുകളെയാണ് ആശ്രയിക്കുന്നത്. മലയോര മേഖലയിലെ ജനങ്ങളുടെ ആശ്രയവും സർക്കാർ ബസുകളാണ്. എരുമേലി ഓപറേറ്റിങ് സെന്‍റർ നിർത്തലാക്കാൻ നീക്കം നടക്കുന്നതായി നേരത്തേ ആരോപണം ഉയർന്നിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.