പൂഞ്ഞാറിലെ നദിപുനരുജ്ജീവന പദ്ധതിക്ക്​ ശനിയാഴ്ച തുടക്കം

ഈരാറ്റുപേട്ട നഗരസഭ പരിധിയിൽ മീനച്ചിലാറിനെ മൂന്ന് സോണുകളായി തിരിച്ചാണ്​ ജോലി കോട്ടയം: മീനച്ചിലാറിലെ തിരികെ പിടിക്കാൻ ലക്ഷ്യമിട്ടുള്ള ​ പൂഞ്ഞാറിലെ നദി പുനരുജ്ജീവന പദ്ധതിക്ക്​ ശനിയാഴ്ച തുടക്കം. നാടിന്‍റെ പങ്കാളിത്തത്തോടെ ശനി, ഞായർ ദിവസങ്ങളിലായി ഈരാറ്റുപേട്ടയിൽ തുടക്കമിടുന്ന പദ്ധതിയുടെ ഉദ്​ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. പ്രളയക്കുത്തൊഴുക്കിൽ തകർന്ന പുഴയെ വീണ്ടെടുക്കുവാനും മിന്നൽ പ്രളയത്തിന്‍റെ സാധ്യതകൾ ശാസ്ത്രീയമായി ഇല്ലാതാക്കുവാനും ലക്ഷ്യമിട്ട്​ ജനകീയ കൂട്ടായ്മുടെ നേതൃത്വത്തിലാണ്​ പദ്ധതി. പ്രളയത്തിലും മലവെള്ളപ്പാച്ചിലിലും നദിയിൽ വന്നടിഞ്ഞ മണ്ണ്, ചളി , എക്കൽ, പാറക്കല്ല് എന്നിവ നീക്കം ചെയ്യും. അടിഞ്ഞുകൂടിയ മണ്ണും പാറകളും നീക്കം ചെയ്യാൻ ഇരു കരകളിൽനിന്ന്​ നദിയിലേക്ക് പ്രത്യേകം പാതകളും നിർമിച്ചു കഴിഞ്ഞു. മണ്ണുമാന്തി യന്ത്രങ്ങൾ അടക്കമുള്ളവ ഉപയോഗിച്ച് മുഴുവൻ ജനങ്ങളുടെയും സഹായത്തോടെ പഴയ നദിയെ വീണ്ടെടുക്കാനാണ് പദ്ധതിയെന്ന്​ ജനകീയ കമ്മിറ്റി ചെയർമാൻ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വേനൽക്കാലത്ത് എത്താവുന്ന ഏറ്റവും താഴ്ന്ന ജലനിരപ്പ് മുതൽ നദിയിലൂടെ വർഷകാലത്ത് ഒഴുകി എത്താവുന്ന പരമാവധി ജലപ്രവാഹത്തിന്‍റെ വരെ കണക്കെടുത്ത ശേഷമാണ് മീനച്ചിലാർ പുനർജനി പദ്ധതി നടപ്പിലാക്കുന്നത്. ഈരാറ്റുപേട്ട നഗരസഭ പരിധിയിൽ മീനച്ചിലാറിനെ മൂന്ന് സോണുകളായി തിരിച്ചാണ്​ ജോലി. ഇതിനായി 1000 സന്നദ്ധപ്രവർത്തകർ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. കാരക്കാട്, ഈലക്കയം, അൽമനാർ സ്കൂൾ എന്നിങ്ങനെ മൂന്ന് സോണുകളായി തിരിച്ചുള്ള ശുചീകരണ പ്രവർത്തികൾക്കു ശേഷം, നദിയുടെ തട പ്രദേശങ്ങളിൽ മാലിന്യം തള്ളുന്നത് ഉൾപ്പെടെ തടയുന്നതിന് ജനകീയ പങ്കാളിത്തത്തോടെ കർശന നിരീക്ഷണം ഏർപ്പെടുത്താൻ നഗരസഭ അധികൃതർ തീരുമാനിച്ചിട്ടുണ്ട്. എം.എൽ.എ, ഈരാറ്റുപേട്ട നഗരസഭ, ജലസേചന വകുപ്പ് , റവന്യൂ , തദ്ദേശസ്വയംഭരണ വകുപ്പുകൾ , ഹരിത കേരളം മിഷൻ എന്നിവർക്കാണ്​ പദ്ധതിയുടെ ഏകോപന ചുമതല. തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ, സന്നദ്ധ സേവന പ്രവർത്തകർ എന്നിവർ നേതൃത്വം നൽകും. ആദ്യഘട്ടത്തിൽ പദ്ധതിക്ക് ആവശ്യമായ ചെലവുകൾ നഗരസഭ വഹിക്കുകയും തുടർന്ന് വിവിധ സർക്കാർ സംവിധാനങ്ങളിൽനിന്ന് ഈ തുക തിരികെ ലഭ്യമാക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്. പ്രളയം തകർത്തെറിഞ്ഞ മണിമലയാറിലെ കൂട്ടിക്കൽ , മുണ്ടക്കയം എന്നിവിടങ്ങളിലും എരുമേലിയിലും പുനർജനി പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു കഴിഞ്ഞതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. കൂട്ടിക്കൽ പ്രദേശത്ത് ഉരുൾപൊട്ടലിൽ നദിയിൽ വന്നുപതിച്ച ഭീമൻ പാറക്കല്ലുകളും രൂപപ്പെട്ട മൺതിട്ടകളും നീക്കം ചെയ്യാൻ പ്രത്യേക പദ്ധതികളാണ് ആവശ്യമുള്ളത്. ഇതിനായി പദ്ധതി ലോക ബാങ്കിന് സമർപ്പിച്ചിട്ടുണ്ട്​. ജനപങ്കാളിത്തത്തോടെ സമയബന്ധിതമായി തന്നെ അവിടെയും പദ്ധതി നടപ്പിലാക്കും. പദ്ധതി കൺവീനറും ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സനുമായ സുഹറ അബ്ദുൽ ഖാദർ, ചീഫ് കോഓഡിനേറ്ററായ ഈരാറ്റുപേട്ട നഗരസഭ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ് , കോഓഡിനേറ്റർമാരായ രമേശ് വെട്ടിമറ്റം, മുനിസിപ്പൽ കൗൺസിലർമാരായ അനസ് പാറയിൽ, നാസർ വെള്ളൂപറമ്പിൽ, അൻസാരി ഈലക്കയം, ഡോ. സഫ്‌ല ഫിർദൗസ് എന്നിവരും വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു. lead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.