നിയമനം അംഗീകരിക്കാത്തതിനെതിരെ അധ്യാപകർ സമരത്തിന്​

വിജയപുരം രൂപതക്ക്​ കീഴിലെ അധ്യാപകർ മൗനജാഥ നടത്തും കോട്ടയം: തസ്തിക നിർണയപ്രകാരം നിലനിന്നുപോരുന്ന തസ്തികകളിൽ 2016 മുതൽ നിയമിതരായ അധ്യാപകരുടെ നിയമനങ്ങൾ അംഗീകരിക്കുക, ഭിന്നശേഷിസംവരണവുമായി ബന്ധപ്പെട്ട കാരണത്താൽ തടഞ്ഞിരിക്കുന്ന നിയമനാംഗീകാര ശിപാർശകൾക്ക്​ അംഗീകാരം നൽകുക, സംരക്ഷിത അധ്യാപകർക്ക്​ ഒഴിവ് മാറ്റി വെച്ചിട്ടും ആ കാരണം പറഞ്ഞ് നിയമനാംഗീകാരം നിരസിച്ച ശിപാർശകൾ പരിഗണിക്കാൻ എല്ലാ ഡി.ഇ.ഒ, എ.ഇ.ഒമാർക്കും നിർദേശം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്​ വിജയപുരം രൂപതക്ക്​ കീഴിലെ അധ്യാപകർ സമരത്തിനൊരുങ്ങുന്നു. സർക്കാർ, എയ്​ഡഡ് വ്യത്യാസങ്ങളില്ലാതെ ആയിരക്കണക്കിന് നിയമനങ്ങൾക്ക് സർക്കാർ അംഗീകാരം നൽകിയിരുന്നു. എന്നാൽ, ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട കേസ് കോടതി പരിഗണനയിൽ വരികയും ഭിന്നശേഷിക്കാർക്ക് അനുകൂലമായി വിധി ഉണ്ടാവുകയും ചെയ്തു. ഇതിന്റെ പേരിൽ കേരളത്തിലെ എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരുടെ നിയമനാംഗീകാരം മരവിപ്പിച്ചു. നിയമനാംഗീകാരം ലഭിച്ച അധ്യാപകർക്ക്​ ശമ്പളം കിട്ടാതാവുകയും ചെയ്തു. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട്​ മുഖ്യമന്ത്രിയടക്കമുള്ളവർക്ക്​ നിവേദനം നൽകി​യെങ്കിലും പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് സമരം നടത്തുന്നത്​. ഇതിന്‍റെ ഭാഗമായി ഈ മാസം 12ന്​ തിരുനക്കര മൈതാനം മുതൽ കലക്​ടറേറ്റ്​വരെ അധ്യാപകർ വായ മൂടിക്കെട്ടി പ്രതിഷേധ പ്രകടനം നടത്തുമെന്ന്​ സമരസമിതി ഭാരവാഹികൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.