ആ 'യുദ്ധം' ജയിച്ചു; സൈറക്കൊപ്പം ആര്യ വീടണഞ്ഞു

തൊടുപുഴ: യുക്രെയ്​ൻ യുദ്ധഭൂമിയിലെ ദുരിതവും​ വെല്ലുവിളികളും അതിജീവിച്ച്​ ആര്യ ദേവികുളത്തെ വീട്ടിലെത്തുമ്പോൾ ഒപ്പം പ്രിയപ്പെട്ട വളർത്തുനായ്​ സൈറയുമുണ്ടായിരുന്നു. വീടിന്‍റെ സുരക്ഷിതത്വത്തിലേക്ക്​ വന്നണയുമ്പോൾ സൈറയെയും ഒപ്പം കൂട്ടാൻ കഴിഞ്ഞതിന്‍റെ സന്തോഷം ആര്യക്ക്​ പറഞ്ഞറിയിക്കാനാവാത്തതാണ്​. ജീവൻ അപകടത്തിലാണെന്നറിഞ്ഞപ്പോൾപോലും പ്രിയപ്പെട്ട നായെ ഉപേക്ഷിച്ചുപോരാൻ ആര്യക്ക്​ മനസ്സുണ്ടായിരുന്നില്ല. ശനിയാഴ്ച പുലർച്ച രണ്ടിനാണ് സൈറയുമായി ആര്യ ദേവികുളത്തെ വീട്ടിലെത്തിയത്. ഫെബ്രുവരി 27ന്​ സൈറയുമായി യുദ്ധഭൂമിയിൽനിന്ന്​ റുമേനിയയിലേക്ക്​ തിരിച്ചു. അവശനിലയിലായ നായെ 12 കി.മീ. എടുത്തു നടന്നാണ് അതിർത്തി കടന്നത്. റുമേനിയയിൽനിന്ന്​ പ്രത്യേക വിമാനത്തിൽ വ്യാഴാഴ്ച ഡൽഹിയിലെത്തി. സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ എയർ ഏഷ്യ വിമാനത്തിൽ വളർത്തുമൃഗങ്ങളെ കൊണ്ടുവരാൻ സൗകര്യം ഉണ്ടായിരുന്നില്ല. ഇതറിഞ്ഞ്​ സൈറക്ക്​ വേണ്ടി ആര്യ യാത്ര മാറ്റി. അന്ന്​ കേരള ഹൗസിൽ തങ്ങിയ ശേഷം വെള്ളിയാഴ്ച ഉച്ചക്ക്​ എയർ ഇന്ത്യ വിമാനത്തിൽ കൊച്ചിയിലെത്തി. സ്വീകരിക്കാൻ മാതാപിതാക്കളായ ആൾട്രിനും കൊച്ചുറാണിയും എത്തിയിരുന്നു. സൈബീരിയൻ ഹസ്കി ഇനത്തിൽപെട്ട സൈറക്ക്​ നാടൻ ഭക്ഷണവും വെള്ളവുമാണ് നൽകുന്നതെന്ന്​ ആര്യ പറഞ്ഞു. യു​ക്രെയ്​നിലേക്ക്​ മടങ്ങേണ്ടിവന്നാൽ സൈറയെ വീട്ടുകാരെ ഏൽപിക്കാനാണ്​ തീരുമാനം. യുക്രെയ്​നിലെ വിന്നീഷ്യയിൽ രണ്ടാം വർഷ മെഡിക്കൽ വിദ്യാർഥിനിയാണ് ദേവികുളം ലാക്കാട് സ്വദേശിനി ആര്യ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.