ലോട്ടറി അടിച്ചെന്ന്​ വിശ്വസിപ്പിച്ച്​ വീട്ടമ്മയുടെ രണ്ടര ലക്ഷം തട്ടി

തൊടുപുഴ: ഫേസ്​ബുക്ക്​ വഴി സൗഹൃദം സ്ഥാപിച്ചശേഷം ലോട്ടറി അടിച്ചെന്ന്​ വിശ്വസിപ്പിച്ച്​ വീട്ടമ്മയുടെ രണ്ടര ലക്ഷം രൂപ തട്ടിയെടുത്തു. ഇടുക്കി തൂക്കുപാലം സ്വദേശിനിക്കാണ്​ പണം നഷ്ടമായത്​. ഇടുക്കി സൈബർ പൊലീസ്​ അന്വേഷണം തുടങ്ങി. തട്ടിപ്പിന്​ ഉപയോഗിച്ച അക്കൗണ്ട്​ മരവിപ്പിച്ചിട്ടുണ്ട്​. ലണ്ടനിൽ ജോലി ചെയ്യുന്ന ഡോക്ടർ എന്നുപറഞ്ഞാണ്​ തട്ടിപ്പ്​ സംഘത്തിലെ അംഗം വീട്ടമ്മയെയും സഹോദരനെയും പരിചയപ്പെട്ടത്​. വീട്ടമ്മക്ക്​ ഒരു കോടിയോളം രൂപ ലോട്ടറി അടിച്ചെന്നും നികുതി, കസ്റ്റംസ്​ ക്ലിയറൻസ്​ തുടങ്ങിയ നടപടികൾ പൂർത്തിയാക്കാൻ രണ്ടര ലക്ഷം രൂപ നൽകണമെന്നും 'ഡോക്ടർ' അറിയിച്ചു. അക്കൗണ്ട്​ വിവരങ്ങളും നൽകി. വീട്ടമ്മയും സഹോദരനും കൂടിയാണ്​ പണം നൽകിയത്​. സമ്മാനത്തുകക്കുള്ള കറൻസി നോട്ടുകൾ ഡൽഹി കസ്റ്റംസ്​ ഹൗസിൽ പാർ​സലായി എത്തിയിട്ടുണ്ടെന്ന്​ അറിയിപ്പ്​ ലഭിച്ചതിനെത്തുടർന്ന്​ വീട്ടമ്മയും സഹോദരനും വിമാനമാർഗം ഡൽഹിയിലുമെത്തി. അപ്പോഴാണ്​ കബളിപ്പിക്കപ്പെട്ടതായി അറിയുന്നത്​. നാലുമാസം മുമ്പ്​ പണം നഷ്ടമായെങ്കിലും കഴിഞ്ഞദിവസമാണ്​ ഇടുക്കി സൈബർ പൊലീസിൽ പരാതി നൽകിയത്​. അന്വേഷണത്തിൽ വീട്ടമ്മക്ക്​ തട്ടിപ്പ്​ സംഘം നൽകിയത്​ കൊൽക്കത്തയിലെ ബാങ്ക്​ ശാഖയിലെ അക്കൗണ്ട്​ വിവരങ്ങളാണെന്ന്​ കണ്ടെത്തി. ഈ അക്കൗണ്ട്​ മരവിപ്പിക്കാൻ ബാങ്ക്​ അധികൃതർക്ക്​ കത്ത്​ നൽകുകയും ചെയ്തു. കൊൽക്കത്ത കേ​ന്ദ്രീകരിച്ച്​ പ്രവർത്തിക്കുന്ന വൻ സംഘമാണ്​ തട്ടിപ്പിന്​ പിന്നിലെന്നാണ്​ പ്രാഥമിക നിഗമനം. വിശദ അന്വേഷണം നടക്കുകയാണ്​. കൂടുതൽ പേർ ഇരകളായിട്ടുണ്ടോ എന്നും അന്വേഷിച്ചുവരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.