മലയോര മേഖലയിൽ ഇനി മൂട്ടിപ്പഴത്തിന്‍റെ മധുരം നിറയും കോന്നി: കോന്നിയുടെ മലയോര മേഖലയിൽ മൂട്ടിപ്പഴത്തിന്‍റെ വരവറിയിച്ച് മൂട്ടിക്കായ് മരങ്ങൾ പൂവിട്ടുതുടങ്ങി. തണ്ണിത്തോട് പഞ്ചായത്തിലെ കരിമാൻതോട് ആലുവാകുടി ക്ഷേത്രത്തിലേക്കുള്ള വഴിയിൽ നിരവധി മൂട്ടിക്കായ് മരങ്ങളാണ് പൂവിട്ട് നിൽക്കുന്നത്. കേരളത്തിലെ നാട്ടിൻപുറങ്ങളിലും വനങ്ങളിലും കാണപ്പെടുന്ന മൂട്ടിക്കായ് മരങ്ങൾ മൂട്ടിപ്പുളി, മൂട്ടിക്കയ്പൻ, കുറുക്കൻ തൂറി, മൂട്ടിത്തൂറി, കുന്തപ്പഴം എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. സാധാരണ മരങ്ങളിൽനിന്ന് വ്യത്യസ്തമായി പഴങ്ങൾ മൂട്ടിൽ കായ്ക്കുന്നത് മൂലമാണ് ഇതിന് ഈ പേര് വന്നത്. പശ്ചിമ ഘട്ടത്തിലെ തനത് സ്പീഷിസിൽപെട്ട അപൂർവ മരമാണിത്. മലയണ്ണാൻ, കരടി, കുരങ്ങ് തുടങ്ങിയ ജീവികളുടെ ഇഷ്ടഭക്ഷണം കൂടിയാണിത്. ഭക്ഷ്യയോഗ്യമായ പഴത്തിന്‍റെ ഉള്ളിലെ ജെല്ലിപോലെയുള്ള ഭാഗമാണ് കഴിക്കുക. നെല്ലിക്കയുടെ വലുപ്പമുള്ള പഴങ്ങൾ പാകമാകുമ്പോൾ ചുവന്ന നിറമാകും. പുളിപ്പും മധുരവും ചേർന്ന രുചിയാണ് ഫലങ്ങൾക്ക്. ഇലകൾക്ക് 14 സെന്‍റിമീറ്റർ നീളവും ഏഴ് സെന്‍റിമീറ്റർ വീതിയും ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.