പൊൻപള്ളി പള്ളിയിലെ മോഷണത്തിനിടെ രണ്ടു യുവാക്കൾ അറസ്റ്റിൽ

കോട്ടയം: പൊന്‍പള്ളി സെന്‍റ്​ ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ മോഷണം നടത്തുന്നതിനിടയില്‍ പിടിയിലായ യുവാക്കള്‍ നിരവധി മോഷണക്കേസുകളിലെ പ്രതികള്‍. മണിക്കൂറുകള്‍ക്കിടയില്‍ തുടര്‍ച്ചയായ രണ്ടാം മോഷണം നടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലാകുന്നത്. അയര്‍ക്കുന്നം സ്വദേശികളായ അശ്വിന്‍, ശരത് എന്നിവരെയാണ് ബുധനാഴ്ച പുലര്‍ച്ച ഈസ്റ്റ് പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച രാത്രി കളത്തിപ്പടി-പൊന്‍പള്ളി റോഡിനോട് ചേര്‍ന്നുള്ള കുരിശുംതൊട്ടിയിലെ നേര്‍ച്ചപ്പെട്ടി, പള്ളിമുറ്റത്തെ സ്റ്റീല്‍ നേര്‍ച്ചപ്പെട്ടി, ഓഫിസ് മുറി എന്നിവിടങ്ങളിലാണ്​ മോഷണം നടത്തിയത്. ബൈക്കിലെത്തിയ യുവാക്കള്‍ റോഡരികിലെ നേര്‍ച്ചപ്പെട്ടി കുത്തിപ്പൊളിച്ച്​ പണം അപഹരിച്ചു. ശബ്ദംകേട്ട അയല്‍വാസി സംശയംതോന്നി മറ്റ് അയല്‍വാസികളെ ഫോണില്‍ വിവരമറിയിക്കുകയായിരുന്നു. രണ്ടു നേര്‍ച്ചപ്പെട്ടിയിലെയും പണം എടുത്തശേഷം ഓഫിസ് മുറിയുടെ വാതില്‍ തുറന്ന് അലമാരയിലെ പണം എടുക്കുന്നതിനിടയിലാണ് നാട്ടുകാര്‍ സംഘടിച്ചെത്തിയത്. ആളുകള്‍ എത്തുന്നത്​ കണ്ടതോടെ ഇവര്‍ പള്ളിയുടെ പിന്നിലൂടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍, നാട്ടുകാര്‍ വളഞ്ഞിട്ടുപിടിച്ചു. മോഷ്ടാക്കള്‍ ഓടുന്നതിനിടയില്‍ ഇവരുടെ കൈയിലുണ്ടായിരുന്ന പണം പള്ളിമുറ്റത്ത് ചിതറിവീണു. തുടര്‍ന്ന് ഈസ്റ്റ് എസ്.എച്ച്.ഒ യു. ശ്രീജിത്, എസ്‌.ഐ എം.എച്ച്. അനുരാജ് എന്നിവര്‍ സ്ഥലത്തെത്തി മോഷ്ടാക്കളെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ഇവര്‍ എത്തിയ ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊന്‍പള്ളിയിലെ മോഷണത്തിനുമുമ്പ് ഇറഞ്ഞാല്‍ പാലത്തിന്​ സമീപമുള്ള കാണിക്കവഞ്ചി കുത്തിത്തുറന്ന്​ മോഷണം നടത്തിയിരുന്നു. ഏതാനും മാസം മുമ്പ് ഇറഞ്ഞാല്‍ ക്ഷേത്രത്തില്‍ നടന്ന മോഷണക്കേസ്, പാമ്പാടിയില്‍നിന്ന്​ ബൈക്ക് മോഷ്ടിച്ച കേസ് തുടങ്ങിയവയില്‍ ഇവർ പ്രതികളാണെന്ന്​ പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.