കിട്ടാത്ത വെള്ളത്തിനും പണംകൊടുത്ത് ഗുണഭോക്താക്കൾ

നെടുംകുന്നം: ജലനിധി പദ്ധതിയിൽനിന്ന്​ എടുക്കാത്ത വെള്ളത്തിനുപോലും പണം കൊടുക്കേണ്ടിവരുന്നതായി ഗുണഭോക്താക്കളുടെ പരാതി. വെള്ളം എത്തുന്നതിനുമുമ്പ്​ മർദം കാരണം മീറ്റർ കറങ്ങുന്നതാണ് ഗുണഭോക്താക്കൾക്ക് വിനയായത്. ജലക്ഷാമം രൂക്ഷമായതോടെ പ്രദേശവാസികൾ പലരും ജലനിധി പദ്ധതിയെയാണ് ആശ്രയിക്കുന്നത്. വെള്ളം കുറഞ്ഞതോടെ ആഴ്ചയിൽ മൂന്നുദിവസം പമ്പിങ് ഉണ്ടായിരുന്നത് ഒന്നും രണ്ടും ദിവസമാക്കി ചുരുക്കി. പ്രതിമാസം 5000 ലിറ്റർ വെള്ളമെടുക്കാനാണ് ജലനിധി അധികൃതരുടെ നിർദേശം. കൂടുതലായി എടുക്കുന്ന ഓരോ ലിറ്ററിനും ഒരുരൂപ വീതം അധികമായി നൽകണം. പൈപ്പിലെ മർദം മൂലം മീറ്റർ കറങ്ങുന്നതിനാൽ ഉപഭോഗത്തിന്‍റെ അളവ് തെറ്റായി രേഖപ്പെടുത്തുന്നു. എടുക്കാത്ത വെള്ളത്തിനുപോലും ആയിരക്കണക്കിന് രൂപ പ്രതിമാസം നൽകേണ്ട അവസ്ഥയാണ് പലർക്കും. മീറ്ററിലെ അളവ് നോക്കിയശേഷം 200 ലിറ്ററിന്‍റെ ബാരലിൽ വെള്ളംനിറച്ച മൂന്നാം വാർഡിലെ രാജേഷ്‌കുമാർ എന്ന ഗുണഭോക്താവിന് 340 ലിറ്ററിന്‍റെ അളവാണ് മീറ്ററിൽ കാണാൻ കഴിഞ്ഞത്. സംശയം തോന്നിയതോടെ 200 ലിറ്ററിന്‍റെ മൂന്ന് ബാരലുകളിൽ വെള്ളംനിറച്ച ശേഷം മീറ്റർ നോക്കിയപ്പോൾ 1064 ലിറ്ററാണ് കാണാൻ കഴിഞ്ഞത്. ഇതേ അവസ്ഥയാണ് പലർക്കും ഉണ്ടായത്. ആവശ്യത്തിന് വെള്ളം കിട്ടാത്തപ്പോൾ പോലും മീറ്ററിൽ തെറ്റായ കണക്കാണ് പലപ്പോഴും രേഖപ്പെടുത്തുന്നത്. സംഭവത്തിൽ അധികൃതർ പരിശോധന നടത്തി പ്രശ്‌നം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഗുണഭോക്താക്കൾ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.