വ്യവസ്ഥയിലെ പഴുത്​ ഉപയോഗിച്ച്​ സർക്കാർ ജീവനക്കാരന്‍റെ​ ചികിത്സ ചെലവ്​ നിരസിക്കരുതെന്ന്​ ഹൈകോടതി

-ഗവ. ആശുപത്രിയിലോ പാനൽ ചെയ്യാത്ത ആശുപത്രി ഡിപ്പാർട്മെന്‍റുകളിലോ ചികിത്സിച്ചില്ലെന്ന സർക്കാറിന്‍റെ വാദം തള്ളി കൊച്ചി: സർക്കാർ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും ചികിത്സക്ക്​ ചെലവാകുന്ന തുക (മെഡിക്കൽ റീഇംപേഴ്​സ്​മെന്‍റ്​) വ്യവസ്ഥയിലെ പഴുത്​ ഉപയോഗിച്ച്​ നിഷേധിക്കാൻ സർക്കാറിനാവില്ലെന്ന്​ ഹൈകോടതി. ചികിത്സ തുക മടക്കിനൽകൽ പദ്ധതിക്ക്​ കീഴിൽ അംഗീകാരം നൽകിയ ആശുപത്രിയിൽ, അംഗീകാരമില്ലാത്ത ഡിപ്പാർട്​മെന്‍റ്​ മുഖേന ചികിത്സ നടത്തിയെന്ന പേരിൽ പണം തിരികെ നൽകാൻ വിസമ്മതിച്ച സർക്കാർ ഉത്തരവ്​ റദ്ദാക്കിയാണ്​ ജസ്റ്റിസ്​ മുരളി പുരുഷോത്തമന്‍റെ ഉത്തരവ്​. അർബുദബാധിതനായ പിതാവിനെ ചികിത്സിച്ച ഇനത്തിൽ ലഭിക്കേണ്ട തുക അനുവദിക്കാൻ ഉത്തരവിടണമെന്ന്​ ആവശ്യപ്പെട്ട്​ പത്തനംതിട്ട കാതോലിക്കറ്റ്​ കോളജ്​ അസി.​ പ്രഫസർ ഡോ. ജോർജ്​ തോമസ്​ നൽകിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്​. ചികിത്സ ചെലവ്​ ആവശ്യപ്പെട്ട്​ രണ്ടാഴ്ചക്കകം അ​പേക്ഷ നൽകാനും മൂന്ന്​ മാസത്തിനകം അത്​ നിയമപരമായി പരിഗണിച്ച്​ പണം അനുവദിക്കാനും കോടതി ഉത്തരവിട്ടു. 2018 മേയ്​ 14ന്​ ഹരജിക്കാരൻ പിതാവിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട്​ വിദഗ്​​ധ ചികിത്സക്കായി പത്തനംതിട്ട സെന്‍റ്​ ഗ്രിഗോറിയോസ്​ മെഡിക്കൽ മിഷൻ ആശുപത്രിയിലെ സർജിക്കൽ ഓങ്കോളജി വിഭാഗത്തിലേക്ക്​ മാറ്റി. തുടർന്ന്​ ​അവിടെ, ജനറൽ ആൻഡ്​​ ലാപറോസ്​കോപിക്​ സർജറി ഡിപ്പാർട്​മൻെറ് മുഖേന​ താക്കോൽ ദ്വാര ശസ്ത്രക്രിയ നടത്തി. ചികിത്സക്ക്​ ചെലവായ തിരിച്ചു നൽകാൻ​ അപേക്ഷ നൽകിയപ്പോൾ,​ ആരോഗ്യ ഡയറക്ടർ ചെലവായ മുഴുവൻ തുകയും അനുവദിച്ചില്ല. വീണ്ടും ചികിത്സ വേണ്ടി വന്നപ്പോഴും ചെലവായ തുകക്കു അപേക്ഷിച്ചെങ്കിലും സർക്കാർ ആശുപത്രിയിലോ എംപാനൽ ചെയ്ത ഡിപ്പാർട്മെന്‍റിലോ ചികിത്സ തേടിയിട്ടില്ലെന്ന കാരണം പറഞ്ഞ്​ അപേക്ഷ നിരസിച്ചു. ജനറൽ ആൻഡ്​ ലാപറോസ്​കോപിക്​ സർജറി ഡിപ്പാർട്​മൻെറ്​ എംപാനൽ ചെയ്യപ്പെട്ടിട്ടില്ലെന്നായിരുന്നു സർക്കാർ വാദം. എന്നാൽ, ആശുപത്രിയും മെഡിക്കൽ ആൻഡ്​ സർജിക്കൽ ഓങ്കോളജി ഡിപ്പാർട്​മെന്‍റും അംഗീകാര പട്ടികയിലുണ്ടെന്നിരിക്കെ ജനറൽ ആൻഡ്​​ ലാപറോസ്​കോപിക്​ സർജറി ഡിപ്പാർട്​മൻെറ്​ എംപാനൽ ചെയ്തിട്ടില്ലെന്ന പേരിൽ തുക നിഷേധിക്കാനാവില്ലെന്ന്​ ഹരജിക്കാരൻ വാദിച്ചു. ആശുപത്രിക്കും മെഡിക്കൽ ഓങ്കോളജി ഡിപ്പാർട്മെന്‍റിനും എംപാനൽ അംഗീകാരമുള്ള സാഹചര്യത്തിൽ തുക നിഷേധിക്കാനാവില്ലെന്ന്​ കോടതി പറഞ്ഞു.​ തുക നൽകില്ലെന്ന വാദം വസ്തുതാപരവും നിയമപരവുമായി നിലനിൽക്കുന്നതുമല്ല. സർക്കാർ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും ചികിത്സ ചെലവ്​ വഹിക്കുകയെന്നത്​ സർക്കാറുകളുടെ ഭരണഘടനാപരവും നിയമപരവുമായ ബാധ്യത നിരസിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.