ഇടുക്കിയിൽ പട്ടയ നടപടികളിൽ വ്യാപക ​ക്രമക്കേട്​; തഹസിൽദാർക്ക്​ സസ്​പെൻഷൻ

തൊടുപുഴ: ഇടുക്കി താലൂക്കിലെ പട്ടയ വിതരണ നടപടികളിൽ വ്യാപക ക്രമക്കേട്​ നടന്നതായി റവന്യൂ വകുപ്പിന്‍റെ കണ്ടെത്തൽ. വകുപ്പ്​ മന്ത്രിയുടെ ഉത്തരവ്​ പ്രകാരം നടത്തിയ അന്വേഷണത്തിലാണ്​ റവന്യൂ ഉദ്യോഗസ്ഥർ ഗുരുതര വീഴ്ചവരുത്തിയതായി ​കണ്ടെത്തിയത്​. തുടർന്ന്​, ഇടുക്കി തഹസിൽദാർ വിൻസന്‍റ്​ ജോസഫിനെ സസ്​പെൻഡ്​​ ചെയ്തു. ഇടുക്കി താലൂക്കിൽ കഞ്ഞിക്കുഴി പഞ്ചായത്തിലെ 12, 13, 18 വാർഡുകളിൽ ആദിവാസികൾക്ക്​ പട്ടയം അനുവദിക്കുന്നില്ലെന്ന്​ നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ്​ മന്ത്രി കെ. രാജൻ അന്വേഷണത്തിന്​ ഉത്തരവിട്ടത്​. പട്ടയ നടപടികൾ സംബന്ധിച്ച രേഖകളിൽ കൃത്രിമം നടത്തുന്നുവെന്നും ഉദ്യോഗസ്ഥർ തങ്ങളുടെ ഇഷ്ടക്കാർക്ക്​ യഥേഷ്ടം പട്ടയം നൽകുന്നുവെന്നും നടപടി​​ക്രമങ്ങൾ പാലിക്കുന്നില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. താലൂക്ക്​ ഓഫിസ്​ ജീവനക്കാർ ഹാജർ ബുക്കിലും കാഷ്​ ഡിക്ലറേഷൻ രജിസ്റ്ററിലും കൃത്യമായ രേഖപ്പെടുത്തലുകൾ നടത്താറില്ല. താലൂക്കിൽ പതിച്ചുനൽകാവുന്ന ഭൂമിയുടെ പട്ടിക ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. പട്ടയ അപേക്ഷകൾ ലഭിച്ചശേഷം ഇഷ്ടക്കാരുടെ ഭൂമിയുടെ സർവേ നമ്പർ ഉൾപ്പെടുത്തി ഈ പട്ടിക തയാറാക്കുന്നതായും കണ്ടെത്തി​. ഒരാൾക്ക്​ ഒന്നിൽ കൂടുതൽ പട്ടയം അനുവദിക്കുകയും സർവേയർമാർ തങ്ങളുടെ ഇഷ്ടക്കാരുടെ ഭൂമി മാത്രം അളന്ന്​ സ്​കെച്ച്​ തയാറാക്കി അപേക്ഷകൾ സ്വീകരിക്കുകയും ചെയ്യുന്ന പ്രവണതയുമുണ്ട്​. അപേക്ഷകൾ തീർപ്പാക്കുമ്പോൾ മുൻഗണനക്രമം പാലിക്കാറില്ല. വിവിധ രേഖകളിലെ പട്ടയങ്ങളുടെ എണ്ണം തമ്മിൽ ഏറെ​ പൊരുത്തക്കേടുണ്ട്​. ഇഷ്ടക്കാർക്ക്​ ക്രമവിരുദ്ധമായി പട്ടയം അനുവദിക്കുന്നതായും അപേക്ഷയിലെ വിവരങ്ങൾ പരിശോധിക്കാതെ അനർഹർക്ക്​ പട്ടയം നൽകുന്നതായും അന്വേഷണത്തിൽ വ്യക്തമായി. പ്രഥമദൃഷ്ട്യാ നിരസിക്കേണ്ട അപേക്ഷകളിൽപോലും പട്ടയം അനുവദിച്ചിട്ടുണ്ട്​. ഒരേസമയം ഭാ​ര്യക്കും ഭർത്താവിനും വെവ്വേറെ പട്ടയം അനുവദിച്ച സംഭവങ്ങളുമുണ്ട്​. കൈവശമുള്ള ഭൂമിയുടെ രേഖകൾപോലും പരിശോധിക്കാതെ സർക്കാർ ഉദ്യോഗസ്ഥനുവരെ പട്ടയം നൽകാൻ ഭൂമി പതിവ്​ കമ്മിറ്റി ശിപാർശ ചെയ്തു. ഭൂമി കൈയേറ്റം, അനധികൃത പാറ ഖനനം എന്നിവക്കെതിരെ താലൂക്ക്​ അധികൃതർ നിയമാനുസൃത നടപടി സ്വീകരിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.