കൈക്കൂലിക്കേസ്​: ജോസ്‌മോനെ വിജിലന്‍സ് ചോദ്യംചെയ്തു

കോട്ടയം: കൈക്കൂലിക്കേസിൽ രണ്ടാംപ്രതിയായ മലിനീകരണ നിയന്ത്രണ ബോര്‍ഡ് സീനിയര്‍ എൻജിനീയര്‍ ജോസ്‌മോനെ വിജിലന്‍സ് ചോദ്യംചെയ്തു. വിജിലൻസിന്‍റെ നിർദേശപ്രകാരം ജോസ്‌മോൻ ചൊവ്വാഴ്ച വിജിലൻസ്​ ഓഫിസിൽ ഹാജരാകുകയായിരുന്നു. ചോദ്യംചെയ്യലില്‍ ആരോപണങ്ങള്‍ നിഷേധിച്ചു. ടയർ റീ​ട്രേഡിങ്​ സ്ഥാപനത്തിന്​ ലൈസൻസ്​ തേടി പാലാ ഉള്ളനാട്​ സ്വദേശി ജോബിൻ സെബാസ്റ്റ്യനിൽനിന്ന്​ ജോസ്‌മോൻ ഒരുലക്ഷം രൂപ വാങ്ങിയെന്നാണ്​ പരാതി. ഇതേ ആവശ്യത്തിന്​ 25,000 രൂപ കൈക്കൂലി വാങ്ങിയ മലിനീകരണ നിയന്ത്രണ ബോര്‍ഡ് കോട്ടയം ജില്ല എൻവയൺമെന്‍റൽ എൻജിനീയർ എ.എൻ. ഹാരിസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ്​ പരാതിക്കാരൻ ജോസ്​മോൻ പണം വാങ്ങിയ കാര്യം വെളിപ്പെടുത്തിയത്​. വിജിലന്‍സ് കൊല്ലം എഴുകോണിലെ ജോസ്‌മോന്‍റെ വീട്ടില്‍ നടത്തിയ പരിശോധനയിൽ അനധികൃത സ്വത്ത്​ കണ്ടെത്തി. അന്വേഷണം ആരംഭിച്ചതോടെ ഒളിവിൽ പോയ ജോസ്​മോൻ മുന്‍കൂര്‍ ജാമ്യം നേടി​. ഇതിനിടെ കോഴിക്കോട്​ ഓഫിസിൽ ഇദ്ദേഹത്തെ നിയമിച്ചത്​ വിവാദമായിരുന്നു. കേസെടുക്കുമ്പോള്‍ തിരുവനന്തപുരത്ത് ഹെഡ്ഓഫിസില്‍ സീനിയര്‍ എന്‍ജിനീയറായിരുന്നു ജോസ്‌മോന്‍. തിങ്കളാഴ്ച കോട്ടയം വിജിലന്‍സ് ഡിവൈ.എസ്.പി വിദ്യാധരന്‍ മുമ്പാകെ മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനൊടുവിൽ​ രാത്രിയാണ്​ വിട്ടയച്ചത്. വീണ്ടും​ ചോദ്യംചെയ്യാന്‍ നോട്ടീസ്​ നല്‍കുമെന്ന്​ വിജിലൻസ്​ ഉദ്യോഗസ്ഥർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.