ആകാശപ്പാതയിൽ വിജിലൻസ്​ സംഘം പരിശോധന നടത്തി

p4 lead 2015 മേയ്​ അഞ്ചിനാണ്​ പദ്ധതി പ്രഖ്യാപിച്ചത്​ കോട്ടയം: വിജിലൻസ്​ സംഘം നഗരമധ്യത്തിലെ ആകാശപ്പാതയിൽ പരിശോധന നടത്തി. നിലവിൽ നടക്കുന്ന വിജിലൻസ്​ അന്വേഷണത്തിന്‍റെ ഭാഗമായാണ്​ പരിശോധനയെന്ന്​ ഉദ്യോഗസ്ഥർ അറിയിച്ചു. ആകാശപ്പാത നിർമാണത്തിൽ ക്രമക്കേടുണ്ടെന്ന ആരോപണത്തിൽ 2020 ലാണ്​ സംസ്ഥാന സർക്കാറിന്‍റെ നിർദേശപ്രകാരം വിജിലൻസ്​​ അന്വേഷണം ആരംഭിച്ചത്​. ഇതിന്‍റെ ഭാഗമായിട്ടായിരുന്നു കഴിഞ്ഞ ദിവസം വിജിലൻസ്​ ഉദ്യോഗസ്ഥരുടെയും പൊതുമരാമത്ത്​ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ പരിശോധന നടത്തി ആകാശപ്പാതയുടെ അളവെടുത്തത്​. ആകാശപ്പാതക്ക്​ ആവശ്യമായ സ്ഥലം എടുക്കാതെ നിർമാണം തുടങ്ങിയതിനെ കുറിച്ച്​ നേരത്തെതന്നെ പരാതികളുണ്ടായിരുന്നു. മുകളിലേക്കുള്ള യന്ത്രപ്പടികളും ലിഫ്​റ്റും നിർമിക്കുന്നിന്​ കൂടുതൽ സ്ഥലം ആവശ്യമാണ്​. രൂപരേഖ പ്രകാരം മുനിസിപ്പാലിറ്റി ഓഫിസിനുമുന്നിലും ബേക്കർ ജങ്​ഷനിലേക്കുള്ള റോഡിലും ശാസ്ത്രി റോഡരികിലും ടെമ്പിൾറോഡിലുമാണ്​ നാലു​ ലിഫ്​റ്റുകൾ വിഭാവനം ചെയ്തിട്ടുള്ളത്​​. മുനിസിപ്പാലിറ്റിയുടെ സ്ഥലം വിട്ടുകൊടുത്തിട്ടുണ്ടെങ്കിലും മറ്റിടങ്ങളിൽ സ്ഥലം കിട്ടിയിട്ടില്ല. ശാസ്ത്രി റോഡരികിലെ സ്ഥലം സി.എസ്​.ഐ സഭയു​ടെ കീഴിലാണ്​. നേരത്തെ സഭയുടെ സ്ഥലത്താണ്​ ആകാശപ്പാതയുടെ ഒരു തൂൺ തീരുമാനിച്ചിരുന്നെതെങ്കിലും സഭയുടെ സമ്മതം ലഭിക്കാത്തതിനാൽ തൂൺ റോഡരികിലേക്കിറങ്ങിയാണ്​ സ്ഥാപിച്ചത്​. ഇവിടെ ലിഫ്​റ്റ്​ സ്ഥാപിക്കണമെങ്കിൽ സഭ സ്ഥലം നൽകിയേ മതിയാവൂ. സഭ അധികൃതരുമായി ചർച്ച നടത്തിയെങ്കിലും ഇതുവരെ വ്യക്​തമായ ഉറപ്പു ലഭിച്ചിട്ടില്ല. 2015 മേയ്​ അഞ്ചിനാണ്​ യു.ഡി.എഫ്​ സർക്കാർ ആകാശപ്പാതയെന്ന അഞ്ചേമുക്കാൽ കോടിയുടെ പദ്ധതി പ്രഖ്യാപിച്ചത്​. മുനിസിപ്പൽ ഓഫിസിനു മുന്നിൽ അഞ്ചുറോഡുകൾ കൂടിച്ചേരുന്ന ഏറ്റവും തിരക്കേറിയ ജങ്​ഷനിലാണ്​ ആകാശപ്പാത. കി​റ്റ്​കോക്ക്​​ നിർമാണച്ചുമതല നൽകി. അടുത്ത വർഷം ഫെബ്രുവരിയിൽ നിർമാണം തുടങ്ങി. അഞ്ചുമാസംകൊണ്ട്​ പണി തീർക്കാമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഭരണം മാറിയതോടെ നിർമാണം നിലച്ചു. 2019 ജൂണിൽ ഗാന്ധി സ്മൃതി മണ്ഡപം കൂടി ഉൾപ്പെടുത്തി രൂപരേഖ പരിഷ്കരിച്ചതോടെ പാതക്ക്​ വീണ്ടും ജീവൻ വെച്ചു. എന്നാൽ, തൂണുകൾ സ്ഥാപിച്ചതല്ലാതെ പിന്നീടൊന്നും നടന്നില്ല. ആകാശപ്പാത പൊളിച്ചുമാറ്റുന്നതു വരെ സംസ്ഥാന റോഡ്​ സുരക്ഷ അതോറിറ്റിയുടെ ആലോചനയിലുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.