.................കെ.എസ്.ആർ.ടി.സി ലോക്കൽ പാക്കേജ്........................ ചങ്ങനാശ്ശേരി: കെ.എസ്.ആർ.ടി.സി ഡിപ്പോ നേരിടുന്ന പ്രധാന പ്രശ്നം ബസുകളുടെ അഭാവമാണ്. 77 ബസ് ഉണ്ടായിരുന്ന ഡിപ്പോയിൽ ഇപ്പോൾ 52 എണ്ണമേയുള്ളൂ. കോവിഡിന് മുമ്പ് ദിവസവും 62 ഷെഡ്യൂളാണ് ഉണ്ടായിരുന്നത്. ഇപ്പോഴത് 42 ആയി ചുരുങ്ങി. മുമ്പ് 42 ഓർഡിനറി സർവിസ് ഉണ്ടായിരുന്നത് ഇപ്പോൾ 23 ആയി. കെ.എസ്.ആർ.ടി.സി ബസിനെ മാത്രം ആശ്രയിക്കുന്ന കുട്ടനാട് മേഖലയിലെ കാവാലം, കൈനടി, പുളിങ്കുന്ന്, ചമ്പക്കുളം, വെളിയനാട് മേഖലകളിലേക്കാണ് കൂടുതലും സർവിസ് നടത്തുന്നത്. ദിവസവും 16 ചാൽവരെ സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസുകളുണ്ട്. നാലായിരത്തോളം വിദ്യാർഥികൾക്കാണ് ചങ്ങനാശ്ശേരി ഡിപ്പോയിൽനിന്ന് കൺസഷൻ കാർഡ് നൽകിയിട്ടുള്ളത്. അതിലേറെയും കുട്ടനാട്ടിലേക്കുള്ള വിദ്യാർഥികളാണ്. കോവിഡിനുശേഷം പൊതുഗതാഗതം ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം കുറഞ്ഞത് വരുമാനത്തെ ബാധിച്ചിട്ടുണ്ട്. മുമ്പ് ആറര ലക്ഷത്തിനടുത്ത് വരുമാനം ലഭിച്ചിരുന്ന ഡിപ്പോയിൽ നിലവിൽ ശരാശരി മൂന്നര ലക്ഷം രൂപയാണ് ലഭിക്കുന്നത്. വിദ്യാർഥികളുടെ യാത്രസൗകര്യം കൂടി കണക്കിലെടുത്ത് കലക്ഷൻ കുറവാണെങ്കിലും സർവിസ് നടത്തുന്ന സ്ഥിതിയാണ്. കുട്ടനാട്ടിലേക്കുള്ള വിദ്യാർഥികൾക്ക് കെ.എസ്.ആർ.ടി.സി ബസ് മാത്രമാണ് ആശ്രയം. എം.സി റോഡുവഴിയുള്ള സർവിസാണ് നിലവിൽ വെട്ടിക്കുറച്ചിരിക്കുന്നത്. ചങ്ങനാശ്ശേരി ഡിപ്പോയിലെ പഴയ കെട്ടിടത്തിൽ ഇപ്പോൾ എൻക്വയറി ഓഫിസ് മാത്രമാണ് പ്രവർത്തിക്കുന്നത്. യാത്രക്ലേശം കൂടുതൽ നേരിടുന്ന മേഖലക്കു പരിഗണന നൽകി കുറ്റമറ്റരീതിയിലാണ് സർവിസുകൾ ക്രമീകരിച്ചിരിക്കുന്നതെന്ന് സ്റ്റേഷൻ മാസ്റ്റർ സന്തോഷ് കുര്യൻ പറഞ്ഞു. പുതിയ ബസ് ടെർമിനൽ കെ.എസ്.ആർ.ടി.സി ഡിപ്പോക്കു പുതിയ ബസ് ടെർമിനലിന് ഭരണാനുമതിയായിട്ടുണ്ട്. 35,500 ചതുരശ്രയടി യാർഡും 18,000 ചതുരശ്രയടി കെട്ടിടസമുച്ചയം കഫറ്റീരിയ-ശീതീകരിച്ച വിശ്രമമുറി- ക്ലോക്ക് റൂം-ടേക് ബ്രേക്ക് തുടങ്ങിയ സൗകര്യങ്ങളടക്കമുള്ള കെട്ടിടമാണ് നിർമിക്കുന്നത്. സ്വകാര്യ വാഹന പാർക്കിങ് സൗകര്യമുണ്ടായിരിക്കും. ജോബ് മൈക്കിൾ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്നാണ് അഞ്ചുകോടി 15 ലക്ഷം രൂപ അനുവദിച്ചത്. ഭരണാനുമതിയിൽ നിർദേശിച്ചപോലെ ടെൻഡർ നടപടി പൂർത്തിയാക്കി കേന്ദ്ര സർക്കാർ ഏജൻസിയായ എച്ച്.എൽ.എ ലൈഫ് കെയർ ലിമിറ്റഡിന് നിർമാണച്ചുമതല നൽകിയിട്ടുണ്ട്. ഏതാണ്ട് 50 വർഷത്തിലധികം പഴക്കമുള്ള ജീർണാവസ്ഥയിലുള്ള കെട്ടിടം പൊളിച്ചു മാറ്റിയശേഷമായിരിക്കും പുതിയ ടെർമിനൽ പണിയുന്നത്. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാതെ താൽക്കാലിക കാത്തിരിപ്പുകേന്ദ്രം തയാറാക്കും. 18 മാസംകൊണ്ട് പണിപൂർത്തീകരിക്കുകയാണ് ലക്ഷ്യം. KTL CHR 1 Kടrt c ചങ്ങനാശ്ശേരി കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ അപകടാവസ്ഥയിലായ കെട്ടിടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.