ഭർത്താവിനെ മയക്കുമരുന്ന്​ കേസിൽ കുടുക്കാൻ ശ്രമിച്ച പഞ്ചായത്ത്​ അംഗം റിമാൻഡിൽ

കട്ടപ്പന: മാരക ലഹരിമരുന്നായ എം.ഡി.എം.എ വാഹനത്തിൽ ഒളിപ്പിച്ചുവെച്ച് ഭർത്താവിനെ കേസിൽ കുടുക്കാൻ ശ്രമിച്ചതിന്​ അറസ്റ്റിലായ ഗ്രാമപഞ്ചായത്ത്​ അംഗവും രണ്ട്​ സഹായികളും റിമാൻഡിൽ. വണ്ടന്മേട് പഞ്ചായത്ത്​ അംഗവും പുറ്റടി അമ്പലമേട് തൊട്ടാപുരക്കൽ സുനിൽ വർഗീസിന്റെ ഭാര്യയുമായ സൗമ്യ എബ്രഹാം (33), ഇവർക്ക് എം.ഡി.എം.എ എത്തിച്ചു നൽകിയ കൊല്ലം കുന്നത്തൂർ മൈനാഗപ്പള്ളി വേങ്ങകരയിൽ റഹിയ മൻസിൽ എസ്. ഷാനവാസ് (39), കൊല്ലം മുണ്ടക്കൽ അനിമോൻ മൻസിൽ എസ്. ഷെഫിൻഷാ (24) എന്നിവരെയാണ് നെടുങ്കണ്ടം കോടതി റിമാൻഡ്​ ചെയ്തത്. സൗമ്യയെ കോട്ടയം വനിത ജയിലിലേക്കും മറ്റുരണ്ടുപേരെ പീരുമേട് ജയിലിലേക്കും അയച്ചു. ഇതിനിടെ, എൽ.ഡി.എഫ് ഇടപെട്ടതിനെത്തുടർന്ന് സൗമ്യ തപാൽമാർഗം അയച്ച രാജിക്കത്ത് ശനിയാഴ്ച വണ്ടന്മേട് പഞ്ചായത്ത് സെക്രട്ടറിക്ക് ലഭിച്ചു. രാവിലെ 11.05ന് ലഭിച്ച രാജിക്കത്ത് സ്വീകരിക്കുകയും ചെയ്തു. ഇക്കാര്യം ഇലക്​ഷൻ കമീഷന് റിപ്പോർട്ടു ചെയ്തു. അടുത്ത ചൊവ്വാഴ്ച പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തുടരന്വേഷണം നടത്താനും സൗമ്യയുടെ കാമുകനും വിദേശ മലയാളിയുമായ വിനോദിനെ നാട്ടിലെത്തിച്ച് അറസ്റ്റ്​ രേഖപ്പെടുത്താനുമുള്ള നീക്കത്തിലാണ് പൊലീസ്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടാകാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.