ഓർമയാകുന്നു കോട്ടയത്തെ തുരങ്കങ്ങളിലൂടെയുള്ള ട്രെയിൻ യാത്ര

കോട്ടയം: ആറുപതിറ്റാണ്ടിലേറെ കാഴ്ചയിൽ ഇരുട്ടും കൗതുകവും നിറച്ച കോട്ടയത്തെ ഇരട്ടത്തുരങ്കങ്ങളിലൂടെയുള്ള ട്രെയിൻയാത്ര ഓർമയാകുന്നു. മാർച്ച്​ അവസാനം പുതിയ പാത യാഥാർഥ്യമാവുന്നതോടെ​ തുരങ്കങ്ങൾ വഴിയുള്ള ട്രെയിൻ ഗതാഗതം അവസാനിപ്പിക്കും​. ചിങ്ങവനത്തിനും കോട്ടയത്തിനും ഇടയിലുള്ള, ചരിത്രപ്രാധാന്യമുള്ള തുരങ്കങ്ങൾ പൊളിച്ചുമാറ്റാതെ നിലനിർത്തി ഷണ്ടിങ്ങിന്​ ഉപയോഗിക്കാനാണ്​ തീരുമാനം. ഒന്നാമത്തെ ടണലിന്​ 66.92 മീറ്ററും രണ്ടാമത്തെ തുരങ്കത്തിന്​ 84 മീറ്ററുമാണ്​ നീളം. സമീപത്ത്​ പുതിയ ഇരട്ടപ്പാതയാണ്​ വരുന്നത്​. ഇതിന്‍റെ നിർമാണപ്രവൃത്തി പുരോഗമിക്കുന്നു. ഏപ്രിൽ ആദ്യവാരം കമീഷൻ ചെയ്യുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. തുരങ്കങ്ങൾക്ക്​ സമീപം മറ്റൊരു തുരങ്കംകൂടി നിർമിച്ച്​ പുതിയ പാതയൊരുക്കാനായിരുന്നു ആദ്യം ശ്രമിച്ചത്​. എന്നാൽ, ഇവിടത്തെ മണ്ണിന്​ ഉറപ്പുകുറവായതിനാലും പാറ അധികമില്ലാത്തതിനാലും തുരങ്കങ്ങൾ നിർമിക്കാനായില്ല. ഇതോടെയാണ്​ തുരങ്കം ഒഴിവാക്കി സമാന്തരമായി പുതിയ പാത നിർമിക്കാൻ തീരുമാനിച്ചത്​. 1957 ലാണ്​ ഇ. ശ്രീധരന്‍റെ നേതൃത്വത്തിൽ കോട്ടയത്തെ തുരങ്കങ്ങൾ പണിതത്​. '58 ൽ പാത കമീഷൻ ചെയ്​തു. പാത നിർമാണത്തിന്‍റെ ഭാഗമായി കെ.കെ റോഡിനുകുറുകെ തുരങ്കത്തിന്‍റെ ഭിത്തി നിർമിക്കുമ്പോൾ​ മണ്ണിടിഞ്ഞുവീണ്​ ആറു തൊഴിലാളികൾക്ക്​ ജീവൻ നഷ്ടപ്പെട്ടു. 1957 ഒക്​ടോബർ 20നായിരുന്നു ആ​ ദാരുണസംഭവം. ​കെ.കെ. ഗോപാലൻ, കെ.എസ്​. പരമേശ്വരൻ, വി.​കെ. കുഞ്ഞുകുഞ്ഞ്​, കൃഷ്ണൻ ആചാരി, കെ. രാഘവൻ, ആർ. ബാലൻ എന്നിവരാണ്​ മരിച്ചത്​. ഇവരുടെ പേരുകളും അപകടം നടന്ന ദിവസവും രേഖപ്പെടുത്തി മേൽപാലത്തോടുചേർന്ന്​ റെയിൽവേ സ്തൂപം സ്ഥാപിച്ചിരുന്നു. പുതിയ മേൽപാലം സ്ഥാപിക്കാൻ സ്തൂപം നീക്കി. പുതിയ മേൽപാലത്തിനരികിൽ സ്ഥാപിക്കുമെന്നാണ്​ പറഞ്ഞിരുന്നതെങ്കിലും ഇതുവരെ നടപ്പായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.