കരാറുകാരുടെ രജിസ്​ട്രേഷൻ: കള്ളക്കളിക്ക്​ പൂട്ടിട്ട്​ സർക്കാർ

തൊടുപുഴ: പി.ഡബ്ല്യു.ഡി കരാറുകാർ ഒരേ സമയം ഒന്നിലധികം രജിസ്​ട്രേഷൻ കൈവശം വെക്കുന്നത്​ അവസാനിപ്പിക്കാൻ നടപടിയുമായി സർക്കാർ. ഇതുസംബന്ധിച്ച ചട്ടത്തിലെ പഴുത്​ മുതലെടുത്ത്​ നിരവധി കരാറുകാർ ഒന്നിലധികം രജിസ്​ട്രേഷൻ സ്വന്തമാക്കി സാമ്പത്തിക നേട്ടമുണ്ടാക്കുന്നു എന്ന കണ്ടെത്തലിനെത്തുടർന്നാണ്​ നടപടി. ഇതിന്‍റെ ഭാഗമായി പി.ഡബ്ല്യു.ഡി കരാറുകാരുടെ രജിസ്​ട്രേഷൻ സംബന്ധിച്ച വ്യവസ്ഥകളിൽ ഭേദഗതി​ കൊണ്ടുവരാനാണ്​ തീരുമാനം. നിലവിലെ വ്യവസ്ഥകൾ​ പ്രകാരം ഒരു വ്യക്തിക്ക്​ അല്ലെങ്കിൽ സ്ഥാപനത്തിന്​ ഒരേ സമയം പി.ഡബ്ല്യു.ഡിയുടെ ഒന്നിലധികം കരാർ രജിസ്​ട്രേഷൻ എടുക്കാൻ അനുവാദമില്ല. എന്നാൽ, ചില കരാറുകാർ സ്വന്തം രജിസ്​ട്രേഷനുപുറമെ തങ്ങൾക്ക്​ കൂടുതൽ മുതൽമുടക്കുള്ള മറ്റ്​ സ്ഥാപനങ്ങളുടെ പേരിലും രജിസ്​ട്രേഷൻ സമ്പാദിക്കുന്നതായി പ്രിൻസിപ്പൽ അക്കൗണ്ടന്‍റ്​ ജനറലിന്‍റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇത്തരം രജിസ്​​ട്രേഷനുകളുടെ മറവിൽ പല കരാറുകാരും സ്വന്തം നിലക്കും തങ്ങളുടെ സ്ഥാപനത്തിന്‍റെ പേരിലും ഒരേ ടെൻഡറിൽ പ​​​ങ്കെടുക്കുന്നുണ്ട്​. ഇത്​ ടെൻഡറുകളുടെ മത്സരസ്വഭാവത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നാണ്​ അക്കൗണ്ടന്‍റ്​ ജനറലിന്‍റെ റിപ്പോർട്ട്​. ഇത്തരം വ്യക്തികളും സ്ഥാപനങ്ങളും തങ്ങൾക്ക്​ കിട്ടാനുള്ള ബിൽ കുടിശ്ശിക പുതിയ കരാറുകൾക്ക്​ പരസ്പരം സെക്യൂരിറ്റി നിക്ഷേപമായി നൽകുന്ന പ്രവണതയുമുണ്ട്​. ഇത്​ കരാറുകാർക്ക്​ അനർഹമായ സാമ്പത്തികനേട്ടം ഉണ്ടാക്കി നൽകുന്നു എന്ന്​ കണ്ടെത്തിയതിനെത്തുടർന്നാണ്​ വ്യവസ്ഥ ഭേദഗതി ചെയ്യാൻ തീരുമാനിച്ചത്​. ഇനിമുതൽ കരാറുകാർ പുതിയ രജിസ്​ട്രേഷൻ എടുക്കുമ്പോൾ തന്‍റെയോ തനിക്ക്​ മുഖ്യപങ്കാളിത്തമുള്ള സ്ഥാപനത്തിന്‍റെയോ പേരിൽ മുമ്പ്​ രജിസ്​ട്രേഷൻ എടുത്തിട്ടില്ലെന്ന അധിക സത്യവാങ്​മൂലം പി.ഡബ്ല്യു.ഡിക്ക്​ നൽകണം. സത്യവാങ്​മൂലത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ തെറ്റാ​ണെന്ന്​ കണ്ടെത്തിയാൽ കരാറുകാരനെ കരിമ്പട്ടികയിൽപെടുത്തും. -പി.പി. കബീർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.