തുരുമ്പെടുത്ത യന്ത്രങ്ങളെ കൃഷിഭവൻ വളപ്പുകളിൽനിന്ന്​ 'ഒഴിപ്പിക്കും'

. നെല്ലും പതിരും വേർതിരിക്കാൻ കണക്കെടുപ്പ്​ തുടങ്ങി കോട്ടയം: കാടുകയറിയ കാർഷിക ഉപകരണങ്ങളെ കൃഷിഭവൻ വളപ്പുകളിൽനിന്ന്​ 'ഒഴിപ്പിക്കും'. നെല്ലും പതിരും വേർതിരിച്ചശേഷമാകും ഉപയോഗശൂന്യമായവ ഒഴിവാക്കുക. ഇതിനായി സംസ്ഥാന വ്യാപക കണക്കെടുപ്പിന്​ തുടക്കമായി. ട്രാക്​ടറുകളടക്കം കോടികളുടെ കാർഷികയന്ത്രങ്ങളാണ്​​ സംസ്ഥാനത്ത്​ തുരുമ്പെടുത്തും കാടുകയറിയും ​ നശിക്കുന്നത്​. ഭൂരിഭാഗവും കൃഷിഭവൻ വളപ്പുകളിൽ കൂട്ടിയിട്ടിരിക്കുന്ന നിലയിലാണ്​. ഇവയിൽ അറ്റകുറ്റപ്പണികൾ നടത്താൻ ക​ഴിയാത്തവ ലേലം ചെയ്ത്​ വിൽക്കാനാണ്​ തീരുമാനം. കൃഷിവകുപ്പിന്‍റെ കീഴിലുള്ള സംസ്ഥാന കാർഷിക യന്ത്രവത്കരണ മിഷന്‍റെ നേതൃത്വത്തിലാണ്​ ഇതിനുള്ള നടപടി. ഇതിന്‍റെ ഭാഗമായി കൃഷിവകുപ്പ്​, തദ്ദേശ സ്ഥാപനങ്ങൾ, പാടശേഖര സമിതികൾ, വ്യക്തിഗത ഗ്രൂപ്പുകൾ എന്നിവ വാങ്ങിയ മുഴുവൻ കാർഷിക യന്ത്രങ്ങളുടെയും വിവരം ശേഖരിക്കാൻ കൃഷിഭവനുകൾക്ക്​ ഇവർ നിർദേശം നൽകി. കൃഷിഭവൻ കേന്ദ്രീകരിച്ച് ഇവയുടെ രജിസ്റ്റർ തയാറാക്കുന്നതിനൊപ്പം സംസ്ഥാനതലത്തിലും എണ്ണം ക്രോഡീകരിക്കും. നിലവിൽ സർക്കാർ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള യന്ത്രങ്ങളുടെ പൂർണകണക്ക്​ കൃഷിവകുപ്പിലില്ല. പുതിയ യന്ത്രങ്ങളുടെ വിവരങ്ങൾ ഇപ്പോൾ കൃഷിഭവനുകളിലുണ്ടെങ്കിലും പഴയതിൽ വ്യക്​തതയില്ല. ഇതിന്​ പരിഹാരം കാണാനും ഇതിലൂടെ ലക്ഷ്യമിടുന്നു. ചിലയിടങ്ങളിൽ വാങ്ങിയിട്ടുള്ള യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാത്ത സ്ഥിതിയുമുണ്ട്​. ഇത്തരം ഓഫിസുകളെ കണ്ടെത്താനും സ്ഥിതിവിവരക്കണക്കെടുപ്പിലൂടെ കഴിയുമെന്ന്​ കാർഷിക യന്ത്രവത്കരണ മിഷൻ അധികൃതർ പറയുന്നു. കേന്ദ്ര പദ്ധതികളിൽനിന്ന്​ പുതിയതായി യന്ത്രങ്ങൾ ലഭ്യമാക്കാനും നിലവിലുള്ളവയുടെ എണ്ണത്തിൽ വ്യക്​തത വരു​ത്തേണ്ടതുണ്ടെന്ന്​ ഇവർ പറയുന്നു. കണക്കുശേഖരണത്തിനുശേഷം അറ്റകുറ്റപ്പണികൾ നടത്താൻ കഴിയുന്നവ ഉപയോഗക്ഷമമാക്കും. അല്ലാത്തവ ലേലം ചെയ്ത്​ വിൽക്കും. കർഷകർക്ക്​ കുറഞ്ഞ വാടകക്ക്​ യന്ത്രങ്ങൾ ലഭ്യമാക്കാനായി ആരംഭിച്ച പല കേന്ദ്രങ്ങളിലും തദ്ദേശസ്ഥാപനങ്ങളുടെ പരിസരങ്ങളിലും ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഉപകരണങ്ങളുണ്ട്​. ട്രാക്ടറുകളും മിനി ട്രാക്ടറുകളും കൊയ്​ത്ത്​, മെതി യന്ത്രങ്ങളും കുറച്ചുകാലത്തെ ഉപയോഗത്തിനുശേഷം ​ കട്ടപ്പുറത്താകുന്നതാണ്​ സ്ഥിതി. ഉദ്യോഗസ്ഥരുടെ അനാസ്ഥയും ഇതിന്​ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. --എബി തോമസ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.