ഹൊ, എന്തൊരു ചൂട്​ !

പകല്‍ താപനിലയില്‍ കോട്ടയം സംസ്ഥാനത്ത്​ ഏറ്റവും മുന്നിൽ​ കോട്ടയം: വെയിലിൽ കത്തിയാളി ജില്ല. പകല്‍ താപനിലയില്‍ സംസ്ഥാനത്ത്​ ഏറ്റവും മുന്നിലാണ്​ കോട്ടയം. വ്യാഴാഴ്ച ജില്ലയിൽ 35.7 ഡിഗ്രി സെൽഷ്യസായിരുന്നു താപനില. സംസ്ഥാനത്ത്​ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ചൂടും ഇതാണ്​. കോട്ടയത്തിനൊപ്പം ആലപ്പുഴയിലും ഇതേ ചൂടാണ്​ വ്യാഴാഴ്ച രേഖപ്പെടുത്തിയത്​. ചൂടിന്‍റെ കേന്ദ്രങ്ങളായ പുനലൂരിനെയും പാലക്കാടിനെയും പിന്തള്ളിയാണ്​ കഴിഞ്ഞ കുറേനാളായി കോട്ടയത്തിന്‍റെ ചൂടന്‍ മുന്നേറ്റം. സമീപകാലത്തെ ഏറ്റവും വലിയ മഴക്കാലത്തിനു ശേഷമാണ്‌ നാട്‌ വെയിലിൽ ഉരുകുന്നത്‌. മഴ ജില്ലയുടെ മല​യോരങ്ങളിൽ കനത്തനാശം വിതച്ചിരുന്നു. 23 ജീവനാണ്​ ഉരുൾപൊട്ടൽ അപഹരിച്ചത്​. വെള്ളപ്പൊക്കത്തിൽ വലിയ നാശങ്ങളും സംഭവിച്ചിരുന്നു. ജില്ലയിലൂടെ ഒഴുകുന്ന നദികളെല്ലാം നിറഞ്ഞുകവിഞ്ഞു. ഇതിനുശേഷം ആഴ്ചകൾ പിന്നിടുമ്പോഴാണ്​ കനത്ത ചൂടിലേക്ക്​ ജില്ലയുടെ അന്തരീക്ഷം വഴിമാറിയത്​. ഡിസംബർ 13ന്​ സമതല പ്രദേശങ്ങളിൽ രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട്​ രേഖപ്പെടുത്തിയതും​ ജില്ലയിലായിരുന്നു. വെയില്‍ ശക്തമായതോടെ പുഴകളിലെ ജലനിരപ്പ്‌ ക്രമാതീതമായി താഴുകയാണ്‌. മണിമലയാറ്റിലും മീനച്ചിലാറ്റിലുമാണ്‌ ജലനിരപ്പ്‌ കുത്തനെ താഴുന്നത്‌. ഒക്‌ടോബറില്‍ കരകവിഞ്ഞ്‌ നാലടിയിലേറെ ഉയരത്തില്‍ ഒഴുകിയ പുഴയിപ്പോള്‍ കല്ലുംകൂട്ടമായി മാറി. മലയോരത്തിനൊപ്പം താഴ്ന്ന പ്രദേശങ്ങളിലും കുടിവെള്ള​ക്ഷാമം രൂക്ഷമാണ്​. കിണറുകളെല്ലാം വറ്റി. പണം കൊടുത്ത്​ വെള്ളം വാങ്ങുന്ന സ്ഥിതിയാണ്​ പലയിടത്തും. ജില്ലയു​ടെ മലയോരം​ കാട്ടുതീ ഭീഷണിയിലുമാണ്​. വനത്തിനുള്ളിൽ വെള്ളം കിട്ടായതോടെ കാട്ടുമൃഗങ്ങൾ ജനവാസമേഖലയിലേക്ക്​ എത്തുമെന്നും ചൂണ്ടിക്കാട്ടുന്നു. നിലവിൽ കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്​. കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ഒരാഴ്‌ചയിലേറെ ശക്തമായ മഴ ലഭിച്ചിരുന്നതിനാൽ കാര്യമായതോതിൽ ചൂട്​ ഉയർന്നിരുന്നില്ല. ഇത്തവണ ഇതുവരെ വേനൽ മഴ പെയ്​തിട്ടില്ല. അതിനാൽ സൂര്യാതപത്തിന്​ സാധ്യതയുണ്ടെന്ന്​ ആരോഗ്യവകുപ്പും മുന്നറിയിപ്പ്​ നൽകുന്നുണ്ട്​. ഇത്രയും കനത്ത ചൂട്​ അനുഭവപ്പെടുന്ന സാഹചര്യത്തിൽ മാര്‍ച്ച്‌, എപ്രിൽ മാസങ്ങളില്‍ സ്ഥിതിയെന്താകുമെന്ന​ ആശങ്കയിലാണ്​ നാട്ടുകാർ. കരുതല്‍ വേണം, വളര്‍ത്തുമൃഗങ്ങള്‍ക്കും കോട്ടയം: കരുതല്‍ മനുഷ്യനു മാത്രം പോര വളര്‍ത്തുമൃഗങ്ങള്‍ക്കും വേണം. കൂടിനു പുറത്തിറക്കി കെട്ടുന്ന കന്നുകാലികള്‍ക്കു ആവശ്യമായ തണല്‍ ഉറപ്പു വരുത്തണം. കന്നുകാലികളെ ഒന്നിലേറെ തവണ നനക്കാന്‍ ശ്രമിക്കണമെന്ന്​ മൃഗസംരക്ഷണ വകുപ്പ്​ പറയുന്നു. പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും വെള്ളം ലഭ്യമാക്കാനും ശ്രദ്ധിക്കണം. കൂടുതൽ വെള്ളം നൽകണമെന്നും ഇവർ നിർദേശിക്കുന്നു. --പടം DP--

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.