ഹൈറേഞ്ചിറങ്ങി കഞ്ചാവ്: ഇരുട്ടിൽതപ്പി എക്സൈസ്​

മുണ്ടക്കയം: ഹൈറേഞ്ച്​ മേഖലയിൽ കഞ്ചാവ് വിൽപനയും നിരോധിത പാൻമസാലയും വ്യാപകം. അയൽസംസ്ഥാനങ്ങളിൽനിന്നാണ് ഇവ വ്യാപകമായി കേരളത്തിലേക്ക് എത്തുന്നത്. മുണ്ടക്കയം വഴിയാണ് തമിഴ്നാട്ടിൽനിന്ന് ഇവ കടത്തിക്കൊണ്ടുപോകുന്നത്. ഹൈറേഞ്ച് മേഖലയിലെ മറ്റു പ്രദേശങ്ങളിൽനിന്ന് മുണ്ടക്കയംവഴി കഞ്ചാവ് കടത്തുകയാണ്. ഇവിടെനിന്ന് മധ്യകേരളത്തിലേക്കും പടിഞ്ഞാറൻ കേരളത്തിലേക്കും സാധനങ്ങൾ എത്തിക്കാം എന്നതുതന്നെയാണ് ലഹരിക്കടത്ത്​ സംഘങ്ങൾ ഈ മേഖല തെരഞ്ഞെടുക്കുന്നത്. മുൻവർഷങ്ങളിൽ മുണ്ടക്കയം ബസ്​സ്റ്റാൻഡ് അടക്കമുള്ള പ്രദേശങ്ങളിലും വാഹനങ്ങളിലും വ്യാപക പരിശോധനയാണ് എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയിരുന്നത്. ഏതാനും മാസങ്ങളായി മേഖലയിലെ പരിശോധന പൂർണമായും നിലച്ചമട്ടാണ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും റിപ്പോർട്ട് ചെയ്യുന്ന കഞ്ചാവ് കടത്ത് കേസുകൾ ഇതുവഴി കടന്നുപോയതായി റിപ്പോർട്ടുകൾ ഉണ്ടെങ്കിലും മേഖലയിൽ പരിശോധന ശക്തമാക്കുവാൻ അധികാരികൾ തയാറാകുന്നില്ല. പേരിന് ഒന്നോ രണ്ടോ കേസുകൾ രജിസ്റ്റർ ചെയ്യുക മാത്രമാണ് എക്സൈസ് വകുപ്പ് നടത്തുന്നതെന്നും ആക്ഷേപമുണ്ട്. മുണ്ടക്കയത്തും സമീപ പ്രദേശങ്ങളിലും ചെറിയ പെട്ടിക്കടകളിൽവരെ നിരോധിത പുകയില ഉൽപന്നങ്ങൾ ലഭിക്കുന്നുണ്ട്​. മതിയായ ജീവനക്കാർ ഇല്ലാത്തതാണ് കാര്യമായ പരിശോധന നടക്കാത്തതെന്നാണ് എക്സൈസ് വകുപ്പിന്റെ വിശദീകരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.