ജലനിരപ്പ്​ താഴാതെ ഇടുക്കിയും മുല്ലപ്പെരിയാറും

തൊടുപുഴ: ദിവസങ്ങളായി തുറന്നുവെച്ചിട്ടും ജലനിരപ്പ്​ താഴാതെ ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകൾ. ഇതോടെ ഇരു​ഡാമിൽനിന്ന്​ പുറത്തേക്ക്​ ഒഴുക്കുന്ന വെള്ളത്തിന്‍റെ അളവ്​ ഗണ്യമായി വർധിപ്പിച്ചു. മുല്ലപ്പെരിയാറിന്‍റെ എല്ലാ ഷട്ടറും തുറന്നു. തുടർന്ന്​, പെരിയാർവാലി, തടിയമ്പാട്​ ചപ്പാത്തുകൾ മുങ്ങി. പ്രദേശത്തെ നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളി​ലേക്ക്​ മാറ്റി. പെരിയാറിന്‍റെ ഇരുകരയിലുമുള്ളവർക്ക്​ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്​. ഇടുക്കി അണക്കെട്ടിന്‍റെ ഭാഗമായ ചെറുതോണി ഡാമിന്‍റെ അഞ്ച്​ ഷട്ടറുകൾവഴി സെക്കൻഡിൽ 400 ഘനയടി (നാല്​ ലക്ഷം ലിറ്റർ) വെള്ളമാണ്​ പുറത്തേക്ക്​ ഒഴുക്കുന്നത്​. സെക്കൻഡിൽ 300 ഘനടയടി വെള്ളമാണ്​ തുറന്നുവിട്ടിരുന്നത്​. ചൊവ്വാഴ്ച ഉച്ചക്ക്​ 12.30 മുതൽ ഇത്​ 330ഉം ഒരു മണിക്കൂറിനുശേഷം 350ഉം ഘനയടിയാക്കി ഉയർത്തുകയായിരുന്നു. 400 ഘനയടി ആക്കാനും ആലോചനയുണ്ട്​. വൃഷ്ടിപ്രദേശത്തെ കനത്ത മഴയും മുല്ലപ്പെരിയാർ തുറന്നുവെച്ചിരിക്കുന്നതും മൂലം നീരൊഴുക്ക്​ കൂടിയതാണ്​ കാരണം. ചെറുതോണി ഡാമിന്‍റെ രണ്ട്​, മൂന്ന്​, നാല്​ ഷട്ടറുകൾ 140 സെ.മീ വീതവും ഒന്ന്​, അഞ്ച്​ ഷട്ടറുകൾ 40 സെ.മീ. വീതവുമാണ്​ ഉയർത്തിയിട്ടുള്ളത്​. 2387.24 അടിയാണ്​ നിലവിൽ ഇടുക്കിയിലെ ജലനിരപ്പ്​. ഇത്​ സംഭരണശേഷിയുടെ 81.95 ശതമാനമാണ്​. കൂടുതൽ ജലം പുറത്തേക്ക്​ ഒഴുക്കുന്നതിന്​ മുല്ലപ്പെരിയാർ ഡാമിന്‍റെ ശേഷിച്ച മൂന്ന്​ ഷട്ടറുകളും കൂടി ചൊവ്വാഴ്ച രാവിലെ തുറന്നു. 10​ ഷട്ടറുകൾ​ നേരത്തേ തുറന്നിരുന്നു. 13 ഷട്ടറുകൾ വഴി സെക്കൻഡിൽ 10,400 ഘനയടി വെള്ളമാണ്​ പുറത്തേക്ക്​ ഒഴുക്കുന്നത്​. സെക്കൻഡിൽ ശരാശരി 11,599 ഘനയടി വെള്ളം ഡാമിലേക്ക്​ ഒഴുകിയെത്തുന്നുണ്ട്​. 139.55 അടിയാണ്​ നിലവിലെ ജലനിരപ്പ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.