ഇണ്ടംതുരുത്തി മന എങ്ങനെ എ.ഐ.ടി.യു.സിയുടെ സ്വന്തമായി; കെ. സുരേന്ദ്രൻ ചരിത്രം പഠിക്കട്ടെയെന്ന്​ സി.പി.ഐ

കോട്ടയം: വൈക്കത്തെ ഇണ്ടംതുരുത്തി മന എങ്ങനെയാണ്​ എ.ഐ.ടി.യു.സിയുടെ സ്വന്തമായെന്നറിയാൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ചരിത്രം പഠിക്കട്ടെയെന്ന്​ സി.പി.ഐ ജില്ല സെക്രട്ടറി അഡ്വ. വി.ബി. ബിനു. മന സർക്കാർ ഏറ്റെടുക്കണമെന്ന കെ. സുരേന്ദ്രന്‍റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇണ്ടംതുരുത്തി മന ചരിത്രപ്രാധാന്യമുള്ള സ്ഥലമാണ്​. ആ മനയിലെ തിരുമേനിയാണ്​ അന്ന്​ വൈക്കം അടക്കിഭരിച്ചിരുന്നത്​. വൈക്കം സത്യ​ഗ്രഹവുമായി ബന്ധപ്പെട്ട്​ എത്തിയ ഗാന്ധിജി ​ഇദ്ദേഹവുമായി സംസാരിച്ച്​ പ്രശ്നപരിഹാരത്തിനു ശ്രമിച്ചു. എന്നാൽ, ഇല്ലത്തു വന്നാൽ കാണാമെന്നാണ്​ തിരുമേനി പറഞ്ഞത്​. അങ്ങനെ ഗാന്ധിജി എത്തിയപ്പോൾ അബ്രാഹ്മണനായതിനാൽ ഇല്ലത്തിനത്തേക്ക്​ കയറ്റിയില്ല. പുറത്തെ പൂമുഖത്തിരുത്തിയാണ്​ സംസാരിച്ചത്​. ഹരിജനങ്ങൾ നീചജന്മങ്ങളാണെന്നും​ അവർക്കു​ വഴി നടക്കാനോ അക്ഷരം പഠിക്കാനോ അവകാശമില്ലെന്നാണ്​ തിരുമേനി പറഞ്ഞത്​. പിന്നീട്​ ആ മന ​വിൽക്കാൻ തീരുമാനിച്ചപ്പോൾ വൈക്കം താലൂക്ക്​ ചെത്തു​തൊഴിലാളി യൂനിയൻ പണം ​കൊടുത്തുവാങ്ങുകയായിരുന്നു​. മന ശോച്യാവസ്ഥയിലായപ്പോൾ 2010ൽ 42 ലക്ഷം രൂപ തൊഴിലാളികൾമാത്രം ചേർന്നു പിരിച്ചെടുത്ത്​ മനയും പൂമുഖവും അതേപടി നവീകരിച്ചു. ഇന്ന്​ നൂറുകണക്കിന്​​​ ചരിത്രവിദ്യാർഥികൾ അവിടെയെത്തുന്നുണ്ട്​. മനയുടെ ചരിത്രം പുതുതലമുറയും ബി.ജെ.പിയും അറിയണം. അതിന്​ അതേപടി സ്മാരകമായി നിലനിർത്തുമെന്നും സെക്രട്ടറി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.