വെള്ളപ്പൊക്കത്തിൽ സ്തംഭിച്ച് പാലാ

പാലാ: മഴയുടെ തീവ്രത കുറഞ്ഞെങ്കിലും പാലായിലും സമീപ പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ ആശങ്ക ഒഴിയുന്നില്ല. വ്യാഴാഴ്ചവരെ ശക്തമായ മഴക്ക്​ സാധ്യതയുണ്ടെന്ന കാലാവസ്ഥ മുന്നറിയിപ്പ് ഉള്ളതിനാൽ ആശങ്കയിലാണ് ജനങ്ങൾ. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ഇടങ്ങളിൽ ജനങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും അഭയം തേടിയിരിക്കുകയാണ്. മീനച്ചിലാറും സമീപത്തെ തോടുകളും കരകവിഞ്ഞെത്തിയ വെള്ളം ചൊവ്വാഴ്ച ഉച്ചയോടെ ഇറങ്ങിത്തുടങ്ങിയെങ്കിലും വീടുകളിലേക്ക് മടങ്ങാൻ കഴിയാത്ത അവസ്ഥയായി. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ പലതും തുറന്നില്ല. മുൻ വർഷങ്ങളിൽ വെള്ളംകയറിയ കടകളിൽ സാധനങ്ങൾ സുരക്ഷിതമാക്കി മാറ്റിയിരിക്കുകയാണ്. മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ സ്ഥാപനങ്ങൾ തുറക്കാൻ കഴിയുന്നില്ല. പാലായിലെ താഴ്ന്ന സ്ഥലങ്ങളായ കടപ്പാട്ടൂർ കൊട്ടാരമറ്റം, മൂന്നാനി, വളഞ്ഞങ്ങാനം, ഇടമറ്റം, മുത്തോലി, കടയം, കുറ്റില്ലം, വെള്ളിയേപ്പള്ളി പ്രദേശങ്ങളിൽ വെള്ളംകയറി. സമീപ വർഷങ്ങളിലുണ്ടായ തരത്തിൽ വെള്ളത്തിന്റെ തോത് ഉയർന്നില്ലെന്ന് മാത്രം. മുത്തോലിയിൽ ബ്രില്യന്‍റ്​ സ്റ്റഡി സെന്ററിന്റെ അടിനിലയിൽ വെള്ളമെത്തി. കോളജിന്റെ വാഹനങ്ങളെല്ലം സുരക്ഷിത സ്ഥാനങ്ങളിലേക്ക്​ മാറ്റി. മഴക്കെടുതിയിൽ രണ്ടുവീട് പൂർണമായും 71വീട് ഭാഗികമായും തകർന്നു. നിരവധി കൃഷിയിടങ്ങൾ ഒലിച്ചുപോയിട്ടുണ്ട്. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് നടന്നുവരുന്നതേയുള്ളൂവെന്ന്​ തഹസിൽദാർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.