ജൂൺ ഒന്നിന് സ്‌കൂളുകൾ തുറക്കും കോട്ടയം: പുതിയ അധ്യയന വർഷത്തിലേക്ക് വിദ്യാർഥികളെ വരവേൽക്കാൻ ജില്ലയിലെ സ്‌കൂളുകൾ ഒരുങ്ങി. ജൂൺ ഒന്നിനാണ് സ്‌കൂളുകൾ തുറക്കുക. സ്‌കൂളുകളിലെ ഒരുക്കം അന്തിമഘട്ടത്തിലാണെന്നും പ്രവേശനോത്സവത്തിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നതെന്നും പൊതു വിദ്യാഭ്യാസ ഉപഡയറക്ടർ എൻ. സുജയ പറഞ്ഞു. ---- ജില്ലതല പ്രവേശനോത്സവം കുടമാളൂരിൽ ജില്ലതല പ്രവേശനോത്സവം കുടമാളൂർ ഗവ.എച്ച്.എസ്.എസിൽ ജൂൺ ഒന്നിന് രാവിലെ 9.30ന് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്, എം.പി തുടങ്ങിയവർ പങ്കെടുക്കും. ബ്ലോക്ക് -സ്‌കൂൾ തലത്തിലും പ്രവേശനോത്സവം നടക്കും. ------ ഒന്നിലേക്ക് 5291 കുരുന്നുകൾ ജില്ലയിൽ മേയ് 27 വരെ 5291 വിദ്യാർഥികൾ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടി. മേയ് 31നകം പ്രവേശന നടപടികൾ പൂർത്തിയാകുമ്പോൾ പതിനായിരത്തിലേറെ കുട്ടികൾ പ്രവേശനം നേടുമെന്നാണ് വിദ്യാഭ്യാസ വകുപ്പിൻെറ പ്രതീക്ഷ. സമ്പൂർണ എന്ന ഓൺലൈൻ പോർട്ടൽ വഴിയാണ് പ്രവേശന നടപടികൾ പൂർത്തീകരിക്കുന്നത്. കുട്ടികളുടെ ആധാർ കാർഡിലെ ബയോമെട്രിക് വിവരങ്ങളടക്കം ഉൾപ്പെടുത്തിയാണ് ഇത്തവണ പ്രവേശനം നേടുന്നത്. -------- ആറ് സ്‌കൂളിൽ പുതിയ കെട്ടിടം ജില്ലയിൽ ആറ് സ്‌കൂളിൽ പുതിയ കെട്ടിടങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. പ്ലാൻ ഫണ്ടിലൂടെ താഴത്തുവടകര ഗവ.ഹൈസ്‌കൂൾ, ജി.എൽ.പി.എസ് വെളിയന്നൂർ, മുസ്ലിം ഗേൾസ് എൽ.പി സ്‌കൂൾ ഈരാറ്റുപേട്ട, സർക്കാർ ചലഞ്ച് ഫണ്ട് പദ്ധതിയിലൂടെ വി.ബി.യു.പി.എസ് തൃക്കൊടിത്താനം, സെന്‍റ് മേരീസ് എൽ.പി.എസ് ഇരവിമംഗലം, സെന്‍റ് റോക്കീസ് യു.പി സ്‌കൂൾ അരീക്കര എന്നിവിടങ്ങളിലെ കെട്ടിട നിർമാണമാണ് പൂർത്തീകരിച്ചത്. സ്‌കൂൾ കെട്ടിടങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് കർശന മാർഗനിർദേശങ്ങൾ നൽകിയതായി പൊതുവിദ്യാഭ്യാസ ഉപഡയറക്ടർ എൻ. സുജയ പറഞ്ഞു. ജില്ലയിലെ മിക്ക സ്‌കൂളും കോൺക്രീറ്റ് കെട്ടിടങ്ങളിലേക്ക് മാറിയിരുന്നു. സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളിൽ ക്ലാസ് മുറികൾ അനുവദിക്കില്ല. ------- കൈത്തറി യൂനിഫോം കുട്ടികളുടെ സ്‌കൂൾ യൂനിഫോമിൻെറയും പാഠപുസ്തകങ്ങളുടെയും വിതരണം പുരോഗമിക്കുകയാണ്. എൽ.പി സ്‌കൂളുകളിലെ കുട്ടികൾക്കുള്ള സ്‌കൂൾ യൂനിഫോം തുണികൾ സർക്കാർ നേരിട്ട് എത്തിക്കും. ഖാദി ബോർഡുമായി ചേർന്ന് കൈത്തറി വസ്ത്രങ്ങളാവും സ്‌കൂൾ യൂനിഫോമിന് നൽകുക. ഉച്ചഭക്ഷണത്തിന് ക്രമീകരണങ്ങൾ ഉറപ്പാക്കി. ചില സ്‌കൂളുകളിൽ തദ്ദേശസ്ഥാപനങ്ങൾ പ്രഭാതഭക്ഷണം കൂടി കുട്ടികൾക്ക് നൽകും. സ്‌കൂൾ തുറക്കൽ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് എ.ഇ.ഒമാരുടെയും പ്രധാനാധ്യാപകരുടെയും യോഗം വിളിച്ച് മാർഗ നിർദേശങ്ങൾ നൽകി. സ്‌കൂളുകളുടെ അറ്റകുറ്റപ്പണി, പരിസര ശുചീകരണം, കോവിഡ് വാക്സിൻ നൽകൽ എന്നിവക്കുള്ള നിർദേശങ്ങളും നൽകിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.