.കോട്ടയം പാത ഇനി ഇരട്ടപ്പാത; ഇന്ന് ട്രെയിൻ ഓടും കോട്ടയം: സംസ്ഥാനത്തിന്‍റെ റെയിൽവേ ചരിത്രത്തിൽ മറ്റൊരു നാഴികക്കല്ല് തീർത്ത് ഏറ്റുമാനൂർ-ചിങ്ങവനം റൂട്ടിലെ ഇരട്ടപ്പാതയിലൂടെ ഞായറാഴ്ച ട്രെയിനോടും. പതിനെട്ട് ദിവസങ്ങൾ നീണ്ട അവസാനഘട്ട ജോലികൾ പൂർത്തിയാക്കിയാണ് പുതുപാത കമീഷനിങിന് ഒരുങ്ങുന്നത്. ഞായറാഴ്ച വൈകീട്ട് ആറിന് ജോലികൾ പൂർത്തിയാക്കി രാത്രി എട്ടോടെ പുതിയതായി നിർമിച്ച ലൈനിലൂടെ ട്രെയിൻ കടത്തിവിടാനാകുമെന്നാണ് റെയിൽവേയുടെ പ്രതീക്ഷ. ഏറ്റുമാനൂരിൽനിന്ന് തിരുവനന്തപുരം ഭാഗത്തേക്കാകും ആദ്യട്രെയിൻ. അവശേഷിച്ചിരുന്ന ഏറ്റുമാനൂർ-ചിങ്ങവനം (16.70 കിലോമീറ്റർ) റൂട്ടിലും പുതിയ പാത യാഥാർഥ്യമാകുന്നതോടെ, മംഗലാപുരം മുതല്‍ തിരുവനന്തപുരം(കോട്ടയം വഴി) വരെയുള്ള 632 കി. മീറ്റര്‍ പൂർണമായും ഇരട്ടപ്പാതയാകും. നീണ്ട കാത്തിരിപ്പിനൊടുവിൽ സംസ്ഥാനത്തിന്‍റെ തെക്കുമുതൽ വടക്കുവരെ ഇരട്ടപ്പാത യാഥാർഥ്യമാകുന്നത് റെയിൽവേ വികസനത്തിന് വേഗം കൂടുമെന്നാണ് വിലയിരുത്തൽ. കൂടുതൽ ട്രെയിനുകളുടെ പ്രതീക്ഷയിലുമാണ് കേരളം. ശനിയാഴ്ച തിരുവനന്തപുരം ഭാഗത്തേക്കുള്ള രണ്ട് മുതൽ ആറ് വരെയുള്ള ലൈനുകൾ മുട്ടമ്പലത്തുനിന്നുള്ള പ്രധാനലൈനുമായി ബന്ധിപ്പിക്കുന്ന ജോലികളാണ് നടന്നത്. നാഗമ്പടം ഭാഗത്തുനിന്ന് കോട്ടയം യാർഡിലേക്കുള്ള ലൈനുകളുടെ കണക്ഷൻ ജോലികളും പൂർത്തിയായിട്ടുണ്ട്. കണക്ഷൻ പൂർത്തിയാക്കിയ ലൈനുകളിൽ ജെ.സി.ബി ഉപയോഗിച്ച് മെറ്റൽ നിറക്കുന്ന ജോലികളും നടന്നുവരികയാണ്. ഞായറാഴ്ച രാവിലെ ഇരട്ടപ്പാതയുടെ അവസാന ഘട്ട ജോലിയായ പാറോലിക്കലില്‍ പുതിയ പാതയും പഴയ പാതയും ബന്ധിപ്പിക്കുന്ന ജോലികള്‍ ആരംഭിക്കും. 10 മണിക്കൂർ നീളുന്ന ഇത് പൂർത്തിയാകുന്നതോടെ ഏറ്റുമാനൂര്‍ - ചിങ്ങവനം ഇരട്ടപ്പാത ഗതാഗതത്തിന് സജ്ജമാകും. തുടർന്ന് പുതിയ പാതയിൽ ട്രെയിൻ കടത്തിവിടും. ആദ്യം ശനിയാഴ്ച തുറന്നുകൊടുക്കുമെന്നാണ് വ്യക്തമാക്കിയിരുന്നത്. ഞായറാഴ്ച കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്തദിവസങ്ങളിലും കോട്ടയം കേന്ദ്രീകരിച്ച് നിർമാണജോലികൾ തുടരും. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്കുള്ള ലൈനുകൾ സജ്ജമാക്കുന്ന ജോലികളാകും നടക്കുക. ഇത് പൂർത്തിയാകും വരെ രണ്ടു മുതൽ അഞ്ചുവരെയുള്ള പ്ലാറ്റ്ഫോമുകളിലൂടെയാകും ട്രെയിൻ ഗതാഗതം. ജൂൺ 15ന് മുമ്പ് ഈ ജോലികൾ പൂർത്തിയാക്കി ഒന്നാം നമ്പർ പ്ലാറ്റ്ഫോം സജ്ജമാക്കുമെന്നാണ് റെയിൽവേ വ്യക്തമാക്കുന്നത്. -പടം DP-
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.