വേഗം കൂടും, സമയം കുറയും

കോട്ടയം: ഇരട്ടപ്പാത എത്തുന്നതോടെ ട്രെയിനുകൾ പിടിച്ചിടുകയെന്ന യാത്രക്കാരുടെ പേടിസ്വപ്​നത്തിനും പരിഹാരമാകുമെന്നാണ്​ പ്രതീക്ഷ. ഒറ്റവരി മാത്രമായതിനാൽ 20 മുതൽ 30 മിനിറ്റ് വരെയാണ്​ ചില ട്രെയിനുകൾ ക്രോസിങ്ങിന്​ ഈ മേഖലയിൽ പിടിച്ചിട്ടിരുന്നത്. തിരുവനന്തപുരത്തുനിന്നും അതിവേഗമെത്തി ചിങ്ങവനത്ത്​ ഏറെനേരം കാത്തുകിടക്കുന്നത്​പതിവുസംഭവമായിരുന്നു. ദീർഘദൂര ട്രെയിനുകൾക്കായി പാസഞ്ചറുകളായിരുന്നു പലപ്പോഴും 'ബലിയാടുകൾ'. 20 മിനിറ്റ്​ വരെ ചിങ്ങവനത്ത്​ അടക്കം പാസഞ്ചറുകൾ പിടിച്ചിട്ടിരുന്നു. ഇത്തരം ദുരിതങ്ങൾക്ക്​ പുതിയ പാത അന്ത്യം കുറിക്കുമെന്നാണ്​ യാത്രക്കാരുടെ കണക്കുകൂട്ടൽ. പുതിയ പാത തുറക്കുന്നതോടെ സംസ്ഥാനത്തെ റെയില്‍വേയുടെ പ്രവര്‍ത്തനക്ഷമത വര്‍ധിക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ടൈംടേബിളില്‍ ട്രാഫിക് അലവന്‍സ് കുറയും. ട്രെയിനുകള്‍ക്ക് സമയനിഷ്ഠ പാലിക്കാന്‍ കഴിയുമെന്നും റെയില്‍വേ അവകാശപ്പെടുന്നു. ട്രെയിനുകൾക്ക്​ വേഗം വര്‍ധിക്കുമെന്നും ഇവർ പറയുന്നു. പുതിയ ട്രെയിനെന്ന ആവശ്യം ഉയരുമ്പോഴെല്ലാം ഒറ്റവരിപ്പാതയായതിനാൽ ഓടിക്കാൻ കഴിയില്ലെന്നായിരുന്നു റെയിൽവേയുടെ വിശദീകരണം. ട്രെയിനുകളുടെ വൈകിയോട്ടത്തിനും റെയിൽവേ പഴിച്ചിരുന്നത്​ കോട്ടയം ഭാഗത്തെ ഒറ്റവരിപ്പാതയെയായിരുന്നു. ഇതിനെല്ലാം പരിഹാരമാകുമെന്നാണ്​ വിലയിരുത്തൽ. ഇപ്പോൾ എറണാകുളത്ത്​ സർവിസ് അവസാനിപ്പിക്കുന്ന പല ട്രെയിനുകളും കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക്​ നീട്ടാൻ കഴിയും. ഇതിനൊപ്പം കോട്ടയത്തുനിന്ന്​ എറണാകുളത്തേക്കും തിരുവനന്തപുരത്തേക്കും കൂടുതൽ ട്രെയിൻ ആരംഭിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു. കോട്ടയം - തിരുവനന്തപുരം, കോട്ടയം - കോഴിക്കോട് റൂട്ടുകളില്‍ മെമു സര്‍വിസുകള്‍ ആരംഭിക്കണമെന്നും ഓഫിസ് സമയം ക്രമീകരിച്ച് കൂടുതല്‍ പാസഞ്ചര്‍ സര്‍വിസുകള്‍ വേണമെന്നുമാണ്​ യാത്രക്കാരുടെ ആവശ്യം. കോട്ടയം സ്‌റ്റേഷനിലെ പ്ലാറ്റ്​ഫോമുകളുടെ എണ്ണം ഏഴാകുന്നതോടെ കൂടുതല്‍ ട്രെയിന്‍ ഇവിടെ നിർത്തിയിടാനും കഴിയു​മെന്ന്​ ചൂണ്ടിക്കാട്ടപ്പെടുന്നു. നഷ്ടപരിഹാരം 230 കോടി കോട്ടയം: പാതയിരട്ടിപ്പിക്കലി​ന്​ ഭൂമി ഏറ്റെടുത്ത വകയിൽ നഷ്ടപരിഹാരമായി വിതരണം ചെയ്തത്​ 230 കോടി. കോട്ടയം ജില്ലയിലെ ഭൂവുടമകൾക്ക്​ നൽകിയ തുകയുടെ കണക്കാണിത്​. ഇതിൽ കെട്ടിടങ്ങളുടെ അടക്കം നഷ്​ട​പരിഹാരവും ഉൾപ്പെടും. 43 ഹെക്ടർ സ്ഥലമാണ്​ കോട്ടയം ജില്ലയിലെ പാത കടന്നുപോകുന്ന വിവിധ വില്ലേജുകളിൽനിന്നായി ഏറ്റെടു​ത്തത്​. 2009ലായിരുന്നു കോട്ടയത്ത്​ ഭൂമിയേറ്റെടുക്കൽ ജോലി ആരംഭിച്ചത്​​. 2019ൽ ഇത്​ പൂർത്തിയായി. ഇതുകൂടാതെ, അധികമായും ഭൂമി ഏറ്റെടു​ത്തിരുന്നു. ഏറ്റുമാനൂരിൽ യാർഡിനടക്കം ഒറ്റ​പ്പെട്ട ഭൂമികൾ ഇനി ഏറ്റെടുക്കാൻ അവശേഷിക്കുന്നുണ്ട്​. പടങ്ങൾ-DP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.