മറയൂർ ശർക്കര തിരിച്ചറിയാൻ ഇനി ജി.ഐ ടാഗ്​

മറയൂർ: മറയൂർ ശർക്കര എന്ന പേരിൽ വ്യാജ ശർക്കര വിപണിയിൽ എത്തുന്നത്​ തടയാൻ നടപടിയുമായി കരിമ്പ് ഉൽപാദന വിപണന സംഘം. മറയൂർ ശർക്കരക്ക്​ ലഭിച്ച ഭൗമസൂചിക പദവിയുടെ സ്റ്റിക്കർ (ജി.ഐ ടാഗ്) കവറിൽ ഒട്ടിച്ചു നൽകാനാണ്​ തീരുമാനം. ഇതിന്‍റെ ഭാഗമായി അംഗീകൃത ജി.ഐ ടാഗ് കർഷകർക്ക് നൽകിത്തുടങ്ങി. ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിക്കുന്ന ശർക്കര ഒട്ടേറെ കച്ചവടക്കാർ മറയൂർ ശർക്കര എന്ന വ്യാജ ലേബലിലാണ് വിറ്റഴിക്കുന്നത്. ഇതിനാൽ മറയൂർ ശർക്കരയുടെ വിപണനം കുറയുന്നത്​ കർഷകരെ പ്രതിസന്ധിയിലാക്കുന്നു. പ്രദേശത്തെ പല കർഷകരും കരിമ്പിൽനിന്ന് മറ്റ് കൃഷികളിലേക്ക് മാറുകയാണ്. ഈ അവസ്ഥ തുടർന്നാൽ മറയൂരിൽനിന്ന്​ കരിമ്പുകൃഷി അപ്രത്യക്ഷമാകും. ഇത് തടയാനാണ് പുതിയ നീക്കം. നിലവിൽ മറയൂരിലെ സംഘങ്ങൾ ഉൾപ്പെടെ ആറു പേർക്കാണ് ഭൗമ സൂചിക പദവിയുടെ അംഗീകാരം നൽകിയത്. മറ്റ് കർഷകർ സംഘത്തിന്​​ ഒരു സ്റ്റിന്‍റിന് ഒരു രൂപ നിരക്കിൽ നൽകുകയും തങ്ങളുടെ ഉൽപാദനം എത്ര എന്ന് അറിയിക്കുകയും ചെയ്യുന്നതിനനുസരിച്ച് ആവശ്യമുള്ള സ്റ്റിക്കർ നൽകുമെന്ന്​ സംഘം പ്രസിഡന്റ് ബി. മണികണ്ഠൻ, സെക്രട്ടറി അക്ബർ അലി എന്നിവർ പറഞ്ഞു. ഇനി മുതൽ ജി.ഐ ടാഗ്​ ഒട്ടിച്ച്​ മാത്രമായിരിക്കും മറയൂർ ശർക്കരയുടെ വിപണനം. സ്റ്റിക്കർ ഒട്ടിക്കാത്തവ മറയൂർ ശർക്കരയായി അംഗീകരിക്കില്ല. TDG Marayoor sharkara ജി.ഐ ടാഗ്​ പതിച്ച ശർക്കര കവറുകൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.