കോട്ടയം: നെഹ്റു പാർക്കിൽ മണ്ണിട്ടതിനെക്കുറിച്ച് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതിനെച്ചൊല്ലി നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യനും മുൻ അധ്യക്ഷ പി.ആർ. സോനയും തമ്മിൽ വാക്കേറ്റവും വെല്ലുവിളിയും. കൗൺസിൽ യോഗം കഴിഞ്ഞ് അധ്യക്ഷയുടെ ചേംബറിൽ മറ്റു കൗൺസിലർമാരുടെ മുന്നിൽവെച്ചാണ് വാക്കേറ്റവും തർക്കവും ഉണ്ടായത്. വ്യാഴാഴ്ച ഉച്ചക്ക് കൗൺസിൽ യോഗത്തിലാണ് ഇതിനാധാരമായ സംഭവങ്ങൾ നടന്നത്. നെഹ്റു പാർക്കിൽ 25 ലോഡ് മണ്ണിടുന്നതിന് സോന അധ്യക്ഷയായിരുന്ന കാലത്ത് മൂന്നുലക്ഷം രൂപ എൻജിനീയറിങ് വിഭാഗത്തിന് നൽകിയിരുന്നു. ബാക്കി ഒന്നേമുക്കാൽ ലക്ഷം രൂപ നൽകുന്ന കാര്യം കൗൺസിൽ പരിഗണനക്ക് അജണ്ടയിലുണ്ടായിരുന്നു. ഇതു ചർച്ചചെയ്യാനെടുത്തപ്പോൾ ബി.ജെ.പി അംഗം വിനു ആർ.മോഹൻ പാർക്കിൽ മണ്ണിട്ടതിൽ അഴിമതിയുണ്ടെന്നാരോപിച്ച് എഴുന്നേറ്റു. മണ്ണെടുക്കുന്നത് നഗരസഭയുടെ തന്നെ പുത്തനങ്ങാടിയിലെ സ്ഥലത്തുനിന്നാണ്. ജെ.സി.ബിയും ഡ്രൈവറും നഗരസഭയുടേതാണ്. പണി നടത്തിയത് നഗരസഭയിലെ എൻജിനീയറിങ് വിഭാഗവും. പിന്നെന്തിനാണ് പണം നൽകുന്നതെന്ന് വിനു ആർ.മോഹൻ ചോദിച്ചു. ഇതോടെ എൽ.ഡി.എഫ് അംഗങ്ങളും പ്രതിഷേധമുയർത്തി. പ്രതിപക്ഷനേതാവ് അഡ്വ. ഷീജ അനിൽ പാർക്ക് നവീകരണം വിജിലൻസ് അന്വേഷിക്കണം എന്നാവശ്യപ്പെട്ടു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ഫണ്ടിൽനിന്ന് ഒരുകോടിയും തനതുഫണ്ടിൽനിന്ന് 45 ലക്ഷവും ചെലവഴിച്ച് നടത്തിയ നവീകരണവും അന്വേഷിക്കണമെന്നും ഷീജ ആവശ്യപ്പെട്ടു. വിജിലിൻസ് അന്വേഷണം അനുവദിക്കില്ലെന്ന വാദവുമായി യു.ഡി.എഫ് അംഗങ്ങളും എഴുന്നേറ്റതോടെ ബഹളമായി. പൊതുമരാമത്ത് കമ്മിറ്റി പഠിച്ചശേഷം അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന് പറഞ്ഞതോടെ കൗൺസിലിൽ വാഗ്വാദം ഉയർന്നു. മണിക്കൂറുകൾ നീണ്ട തർക്കങ്ങൾക്കുശേഷം അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. ഇതാണ് സോനയെ പ്രകോപിപ്പിച്ചത്. മാലിന്യ സംസ്‌കരണത്തിനായി നഗരസഭയിൽ സ്വച്ഛ് ഭാരത് പദ്ധതിയിൽനിന്ന് രണ്ടുകോടി അനുവദിച്ചിരുന്നു. മാലിന്യം കുന്നുകൂടുമ്പോഴും നഗരസഭയിൽ 30 ലക്ഷം രൂപ മാത്രമാണ് വിനിയോഗിച്ചത്. ബാക്കിവരുന്ന ഒന്നേകാൽ കോടി തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് വന്നിട്ടുണ്ട്. ഫണ്ട് വിനിയോഗത്തിൽ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും വീഴ്ചയുമാണ് ഇതിന് കാരണമെന്നും പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു. *വാക്കേറ്റമുണ്ടായില്ല കോട്ടയം: മുൻ അധ്യക്ഷ പി.ആർ. സോനയും താനും തമ്മിൽ വാക്കേറ്റമോ തർക്കമോ ഉണ്ടായിട്ടില്ലെന്ന് നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ. വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതിൽ യു.ഡി.എഫ് അംഗങ്ങൾക്ക് എതിർപ്പില്ല. മറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അധ്യക്ഷ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.