ചോലത്തടം ഹൈവേ; നാരകംപുഴ, ചപ്പാത്ത് മേഖലകളെ അവഗണിച്ചതിൽ പ്രതിഷേധം

കൊക്കയാർ: 10 കോടി ചെലവിൽ നിർമിക്കുന്ന 35ആം മൈൽ-ചോലത്തടം ഹൈവേയുടെ അലൈൻമെന്‍റിൽനിന്ന്​ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയതായി ആ​ക്ഷേപം. ഇത്​ സ്വകാര്യ വ്യക്തികളെ സഹായിക്കാനാണെന്ന്​ കോൺഗ്രസ്​ ആരോപിച്ചു. കൊക്കയാർ നാരകംപുഴ, ചപ്പാത്ത് മേഖലകളെ ഒഴിവാക്കി, പാത കടന്നുപോകുന്നത്​ സ്വകാര്യ ഭൂമിയിലൂടെയാണ്​. ഈ തീരുമാനം കൊക്കയാർ പഞ്ചായത്ത് ഭരണസമിതി പുനഃപരിശോധിക്കണമെന്ന്​ ആവശ്യപ്പെട്ട് കോൺഗ്രസ് നാരകംപുഴ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ ചപ്പാത്ത് പാലം ജങ്ഷനിൽ ഏകദിന ഉപവാസം നടത്തും. പഞ്ചായത്ത് ഭരണസമിതിയിലെ പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യപ്രകാരം നാരകംപുഴ വാർഡിൽ സർവേ നടത്തുകയും ഭൂമി വിട്ടുനൽകാൻ ആളുകൾ തയാറാണെന്ന്​ അറിയിച്ചിരുന്നതായും കോൺഗ്രസ്​ നേതാക്കൾ പറയുന്നു. പ്രതിഷേധത്തിന്​ മുന്നോടിയായി നടന്ന യോഗം അയ്യൂബ്ഖാൻ കട്ടപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. ഷാഹുൽ പാറക്കൽ അധ്യക്ഷതവഹിച്ചു. ആൽവിൻ ഫിലിപ്, പരീത്ഖാൻ, മാത്യു കമ്പിയിൽ, ജേക്കബ് വാഴവേലിൽ, കോശി പാറക്കൽ, ജോൺസൺ പൈലോ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.