​വെള്ളൂർ വീണ്ടും പേപ്പർ നഗരം

കോട്ടയം: പൊതുമേഖല സ്ഥാപനമായ ​വെള്ളൂർ കേരള പേപ്പര്‍ പ്രൊഡക്ട്സ് ലിമിറ്റഡിൽ ആരംഭിക്കുന്ന ന്യൂസ് പ്രിന്‍റ്​ ഉല്‍പാദനത്തിന്‍റെ ഉദ്​ഘാടനം വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിക്കും. രാവിലെ 11ന്​ നടക്കുന്ന ചടങ്ങിൽ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. മന്ത്രി വി.എന്‍. വാസവന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവർ പ​​​ങ്കെടുക്കും. പുനരുദ്ധാരണത്തിനു ശേഷമുള്ള ആദ്യ റീല്‍ പേപ്പര്‍ വ്യാഴാഴ്ച പുറത്തിറക്കും. സ്വന്തമായ ഡീ ഇങ്ക്ഡ് പള്‍പ്പ്, ടി.എൻ.പി.എല്ലില്‍നിന്ന്​ വാങ്ങിയ പള്‍പ്പ് എന്നിവ ഉപയോഗിച്ച് ഉല്‍പാദന ട്രയലും പ്രാരംഭ ഉല്‍പാദനവും നടത്താനാണ് പദ്ധതിയെന്ന്​ മന്ത്രി പി. രാജീവ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. പുനരുദ്ധാരണ പാക്കേജിന്‍റെ ഭാഗമായാണ് ന്യൂസ് പേപ്പര്‍ നിര്‍മാണം ആരംഭിക്കുന്നത്​. അടുത്തഘട്ടത്തിലാകും വ്യവസായികാടിസ്ഥാനത്തിലുള്ള ഉൽപാദനം. നാലുഘട്ടമായി നടക്കുന്ന പുനരുദ്ധാരണ പദ്ധതികൾ വിജയകരമായി പൂർത്തിയാക്കുന്നതോടെ 42 ജി.എസ്​.എം, 45 ജി.എസ്​.എം ഗ്രാമേജുകളുള്ള ന്യൂസ്​ പ്രിന്‍റ്​, നോട്ട്ബുക്ക്, അച്ചടി പുസ്തക മേഖലകളിൽ ഉപയോഗിക്കുന്ന അൺ സർഫസ്​ ​​ഗ്രേഡ് റൈറ്റിങ്, പ്രിന്‍റിങ് പേപ്പറുകൾ എന്നിവ ഉൽപാദിപ്പിക്കാൻ കഴിയുമെന്ന്​ മന്ത്രി പറഞ്ഞു. പാക്കേജിങ്, പേപ്പർ ബോർഡ് വ്യവസായങ്ങളിലെ വളർച്ചസാധ്യതകൾ പ്രയോജനപ്പെടുത്താനും പദ്ധതിയുണ്ട്​. ഇതിന്​ നിലവിലുള്ള മെഷീനറികൾ പാക്കേജിങ് ഗ്രേഡിലുള്ള ക്രാഫ്റ്റ് പേപ്പർ നിർമിക്കാനായി പുനർനിർമിക്കും. മൂന്നും നാലും ഘട്ടങ്ങൾക്കായുള്ള നിക്ഷേപം ബാങ്കുകളുടെയും മറ്റു ധനകാര്യ സ്ഥാപനങ്ങളുടെയും പിന്തുണയോടെ സമാഹരിക്കാമെന്നാണു പ്രതീക്ഷിക്കുന്നത്. നിലവിൽ രണ്ടുഘട്ടങ്ങളിലെ നവീകരണ പ്രവർത്തനങ്ങളാണ്​ പൂർത്തീകരിച്ചത്​. നാലുഘട്ട നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ 3000 കോടി രൂപയുടെ വിറ്റുവരവും പ്രതിവർഷം അഞ്ചുലക്ഷം മെട്രിക് ടണ്ണിലേറെ ഉൽപാദന ശേഷിയുള്ള സ്ഥാപനവുമായി കെ.പി.പി.എൽ മാറുമെന്നും രാജീവ്​ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.