'മകളുടെ വിവാഹം അച്ഛനെ കാഴ്ചക്കാരനായി ഇരുത്തി കരക്കാർ നടത്തുന്നത് ശരിയാണോ'​? സി.പി.എം ജില്ല സെക്രട്ടറിക്ക്​ സി.പി.ഐ സെക്രട്ടറിയുടെ മറുപടി

പത്തനംതിട്ട: മന്ത്രി വീണ ജോർജും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും തമ്മിലെ പോരിൽ വീണയെ പിന്തുണച്ച സി.പി.എം ജില്ല സെക്രട്ടറിക്ക്​ സി.പി.ഐ ജില്ല സെക്രട്ടറിയുടെ മറുപടി. മകളുടെ വിവാഹത്തിന് അച്ഛനെ ക്ഷണിക്കേണ്ടതുണ്ടോ എന്നായിരുന്നു കഴിഞ്ഞ ദിവസം വീണയെ പിന്തുണച്ചും ചിറ്റയത്തെ പരിഹസിച്ചും സി.പി.എം ജില്ല സെക്രട്ടറിയുടെ പ്രതികരണം. മകളുടെ വിവാഹം അച്ഛനെ കാഴ്ചക്കാരനായി ഇരുത്തി കരക്കാർ നടത്തുന്നത് ശരിയാണോ എന്നായിരുന്നു ഇതിന്​ ചിറ്റയത്തെ പിന്തുണച്ച്​ സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയന്‍റെ മറുചോദ്യം. തർക്കത്തിൽ സി.പി.എം ജില്ല സെക്രട്ടറിയുടെ പരസ്യ പ്രതികരണം ദൗർഭാഗ്യകരമാണെന്ന്​ പറഞ്ഞ സി.പി.ഐ ജില്ല സെക്രട്ടറി കാബിനറ്റ് റാങ്കിലുള്ള രണ്ടുപേർ തമ്മിലുള്ള തർക്കം പരിഹരിക്കേണ്ടത് സംസ്ഥാന നേതൃത്വമാണെന്നും അഭിപ്രായപ്പെട്ടു. ചിറ്റയം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സ്വാഭാവികമായി പ്രതികരിക്കുകയായിരുന്നു. അദ്ദേഹം എന്തോ തെറ്റായി പറഞ്ഞു എന്നൊന്നും വ്യാഖ്യാനിക്കേണ്ട ആവശ്യമില്ലെന്നും ചിറ്റയത്തെ പിന്തുണച്ച്​ എ.പി. ജയൻ പറഞ്ഞു. മുന്നണിക്കകത്ത് എല്ലാം ചർച്ചചെയ്ത് പരിഹരിക്കുമെന്നാണ് പ്രതീക്ഷ. ജില്ലയിലെ പാർട്ടി നേതൃത്വങ്ങളും പരസ്യ പ്രതികരണത്തിന്​ തയാറായതോടെ വിഷയം കൂടുതൽ വഷളാകാതെ അടിയന്തരമായി പരിഹരിക്കാൻ ഇരുപാർട്ടിയുടെയും സംസ്ഥാന നേതൃത്വവും ശ്രമം തുടങ്ങി. പ്രത്യേകിച്ച്​ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ താൽക്കാലികമായാണെങ്കിലും ജില്ലയിൽതന്നെ വിഷയം ചർച്ചചെയ്ത്​ പരിഹരിക്കാനാണ്​ ശ്രമം. അതിന്‍റെ ഭാഗമായി 22ന്​ ഇടതുമുന്നണി ജില്ല കൺവീനർ അടക്കം പ​ങ്കെടുത്ത്​ യോഗം ചേരാനും ധാരണയായിട്ടുണ്ട്​. എന്നാൽ, ഇതിൽ സി.പി.ഐക്ക്​ വലിയ പ്രതീക്ഷ ഇല്ല. മുമ്പ്​ അങ്ങാടിക്കൽ സഹകരണ ബാങ്ക്​ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്​ സി.പി.ഐ പ്രവർത്തകരെ മർദിച്ചതടക്കം തർക്കവിഷയങ്ങളിൽ ധാരണ ലംഘിച്ച്​ മുന്നോട്ട്​ പോകുന്ന സി.പി.എം സമീപനമാണ്​ ഇതിന്​ കാരണം. മന്ത്രി വീണ ​ജോർജിന്‍റെ സമീപനങ്ങളോട്​ പാർട്ടിക്കുള്ളിൽനിന്നുതന്നെ കടുത്ത വിമർശനം ഉയർന്നിട്ടുള്ളതാണ്​. എന്നാൽ, മുഖ്യമന്ത്രിയും മറ്റുമായുള്ള അടുപ്പംകൊണ്ടാകാം ഇതിനെയെല്ലാം അവഗണിച്ചാണ്​ അവർ മു​ന്നോട്ടു പോകുന്നത്​. ജില്ലയുടെ ചുമതലയുള്ള മന്ത്രി എന്ന നിലയിൽ അവർ കാര്യങ്ങൾ തീരുമാനിച്ച്​ നടപ്പാക്കുമ്പോൾ വെറും കാഴ്ചക്കാരുടെ റോൾ മാ​ത്രമാണ്​ മറ്റുള്ളവർക്ക്​. ഇതാണ്​ ഇപ്പോൾ മന്ത്രിസഭ വാർഷികാഘോഷ പരിപാടി നടത്തിപ്പുമായി ബന്ധപ്പെട്ട്​ നേതാക്കളുടെ പരസ്യ പോരിൽ എത്തിനിൽക്കുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.