യു.എച്ച്. സിദ്ദീഖിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

വണ്ടിപ്പെരിയാര്‍: മാധ്യമപ്രവർത്തകൻ യു.എച്ച്. സിദ്ദീഖിന് നാടിന്‍റെയും മാധ്യമലോകത്തിന്‍റെയും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ശനിയാഴ്ച രാവിലെ പത്തോടെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വണ്ടിപ്പെരിയാര്‍ നൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ അദ്ദേഹത്തിന്‍റെ ഭൗതികശരീരം ഖബറടക്കി. വെള്ളിയാഴ്ച രാത്രി 10നാണ് മൃതദേഹം വഹിച്ച ആംബുലന്‍സ് കോഴിക്കോട്​ 'സുപ്രഭാതം' കേന്ദ്ര ഓഫിസില്‍നിന്ന്​ പുറപ്പെട്ടത്. 'സുപ്രഭാതം' എഡിറ്റര്‍ ഇന്‍ ചാര്‍ജ് ടി.പി. ചെറൂപ്പയും സഹപ്രവർത്തകരും മൃതദേഹത്തെ അനുഗമിച്ചു. രാത്രി 12.30ന് തൃശൂരില്‍ റവന്യൂ മന്ത്രി കെ. രാജന്‍ ആദരാഞ്ജലിയര്‍പ്പിച്ചു. രണ്ട് മണിക്ക് അങ്കമാലിയില്‍ എറണാകുളത്തെ മാധ്യമപ്രവര്‍ത്തകരുടെ ആദരാഞ്ജലി. തുടര്‍ന്ന്​ മയ്യിത്ത്​ നമസ്കാരം നടന്നു. 2.30ഓടെ വാഹനം സ്വന്തം ജില്ലയായ ഇടുക്കിയില്‍ പ്രവേശിച്ചു. പുലർച്ച മൂന്നോടെ ഇടുക്കി പ്രസ്‌ക്ലബിന് മുന്നില്‍ ആംബുലന്‍സ് എത്തി. ഇടുക്കിയിലെ മാധ്യമപ്രവര്‍ത്തകര്‍ പ്രിയ സുഹൃത്തിന്​ ആദരാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്ന് വണ്ടിപ്പെരിയാറിലേക്കുള്ള യാത്ര. കോടമഞ്ഞും ചാറ്റല്‍മഴയും യാത്ര മന്ദഗതിയിലാക്കി. രാവിലെ ഏഴോടെയാണ് മൃതദേഹം വണ്ടിപ്പെരിയാർ കറുപ്പുപാലത്തെ കൊച്ചുവീട്ടില്‍ എത്തിച്ചത്. തങ്ങളുടെ പ്രിയപ്പെട്ട സിദ്ദീഖിനെ ഒരുനോക്കു കാണാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകരടക്കം നൂറുകണക്കിനാളുകള്‍ കാത്തുനിന്നു. വാഴൂര്‍ സോമന്‍ എം.എല്‍.എ, മുന്‍ എം.എല്‍.എ ഇ.എം. ആഗസ്തി, വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ഉഷ, കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി അടക്കം രാഷ്ട്രീയ- മത- സാമൂഹിക രംഗത്തെ നിരവധി പേർ വീട്ടിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.