വഴിയിടം പെരുവഴിയിലായി: അഴിമതിയെന്ന് സി.പി.എം

ഈരാറ്റുപേട്ട: മൂന്നിലവ് പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ നിർമാണം പൂർത്തീകരിച്ച വഴിയിടം ടോയ്​ലറ്റ് കേന്ദ്രം തകർന്നു. ഉദ്‌ഘാടനം കഴിഞ്ഞ് ആറുമാസത്തിന് ശേഷമാണ് കേന്ദ്രം തകർന്നത്. നിർമാണത്തിൽ വൻ അഴിമതി നടത്തിയെന്ന് ആരോപിച്ച് സി.പി.എം മൂന്നിലവ് ലോക്കൽ കമ്മിറ്റി പ്രതിഷേധ പ്രകടനവും ധർണയും നടത്തി. സർക്കാറിന്റെ ടേക്ക് എ ബ്രേക്ക്‌ പദ്ധതി പ്രകാരമാണ് വഴിയിടം നിർമിച്ചത്. പഞ്ചായത്തിന്റെ വികസന ഫണ്ടും ശുചിത്വ മിഷന്റെ ഏഴ്​​ ലക്ഷം രൂപയും ഉപയോഗിച്ചാണ് മൂന്ന്​ ടോയ്​ലറ്റും കുളിമുറിയും ഉൾപ്പെടെ വഴിയിടകേന്ദ്രം നിർമിച്ചത്. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റായിരുന്ന ബിന്ദു സെബാസ്റ്റ്യൻ കഴിഞ്ഞ സെപ്റ്റംബറിലാണ് വഴിയിടം ജനങ്ങൾക്കായി തുറന്നുകൊടുത്തത്. പൂഞ്ഞാർ സ്വദേശിയായ കരാറുകാരനാണ് നിർമാണം നടത്തിയത്. നിർമാണ അപാകത മൂലം മറിഞ്ഞുവീണ കെട്ടിടം പുനർനിർമിക്കണമെന്നും അഴിമതി വെളിച്ചത്ത് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് മൂന്നിലവ് ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനം സി.ഐ.ടി.യു പഞ്ചായത്ത്‌ സെക്രട്ടറി ഫിനഹാസ് ഡേവിഡ് ഉദ്‌ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പി.ജെ. ജോർജ്, എം.ആർ. സതീഷ് എന്നിവർ സംസാരിച്ചു. ഫോട്ടോ മൂന്നിലവ് പഞ്ചായത്തിലെ വഴിയിടം ടോയ്​ലറ്റ് കേന്ദ്രം തകർന്ന നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.