ജവഹർ ബാലഭവൻ ഒന്നര വർഷം കൂടി നിലവിലെ കെട്ടിടത്തിൽ തുടരും

കോട്ടയം: ജവഹർ ബാലഭവൻ നിലവിലെ കെട്ടിടത്തിൽ ഒന്നരവർഷം കൂടി തുടരാൻ മന്ത്രി സജി ചെറിയാന്‍റെ നേതൃത്വത്തിൽ പബ്ലിക്​ ലൈബ്രറി പ്രതിനിധികളും ബാലഭവൻ അധ്യാപക പ്രതിനിധികളും തമ്മിൽ നടത്തിയ ഒത്തുതീർപ്പു ചർച്ചയിൽ തീരുമാനം. ബാലഭവന്‍റെ മുന്നിൽ സമരത്തിൽ പ​ങ്കെടുത്ത മുഴുവൻ അധ്യാപകരും ജൂൺ ഒന്നു മുതൽ ജോലിയിൽ കയറും. അതേസമയം, പിരിച്ചുവിട്ട അധ്യാപകരെ തിരിച്ചെടുക്കുന്ന കാര്യത്തിൽ തീരുമാനമായില്ല. ഇക്കാര്യത്തിൽ ചർച്ചകൾ തുടരുമെന്നാണ്​ ബാലഭവൻ സംരക്ഷണസമിതി പറയുന്നത്​. കുട്ടികളുടെ​ ലൈബ്രറി പ്രവർത്തിക്കുന്ന ഒരേക്കർ 13 സെന്‍റിൽനിന്ന്​ 50 സെന്‍റ്​ സ്ഥലം ബാലഭവന്​ വിട്ടു​കൊടുത്താൽ ഉടൻ ഫണ്ട് അനുവദിച്ച്​ ആറുമാസത്തിനകം ജവഹർ ബാലഭവൻ ജില്ല ആസ്ഥാനം പണി പൂർത്തിയാക്കി തുറന്നുകൊടുക്കാൻ തയാറാണെന്നും മന്ത്രി ചർച്ചയിൽ അറിയിച്ചു. എന്നാൽ, ഈ ആവശ്യത്തോട്​ പബ്ലിക്​ ലൈബ്രറി ഭാരവാഹികൾ പ്രതികരിച്ചിട്ടില്ല. ഏപ്രിൽ നാലിനാണ്​ പിരിച്ചുവിടപ്പെട്ട അധ്യാപകരെ തിരിച്ചെടുക്കണമെന്നും ബാലഭവൻ നിലവിലെ കെട്ടിടത്തിൽതന്നെ തുടരണമെന്നും ആവശ്യപ്പെട്ട്​ അധ്യാപകർ സ്ഥാപനത്തിനുമുന്നിൽ ക്ലാസ്​ ബഹിഷ്കരിച്ച്​ സമരം തുടങ്ങിയത്​. ജവഹർ ബാലഭവൻ പബ്ലിക്​ ലൈബ്രറി ​കെട്ടിടത്തിൽനിന്ന്​ ഒഴിവാക്കാനുള്ള പബ്ലിക്​ ലൈബ്രറി അധികൃതരുടെ നീക്കമാണ്​ ബാലഭവനിലെ അധ്യാപകരെ പ്രതിഷേധത്തിനിറക്കിയത്​. ലൈബ്രറിക്കെതിരെ വാർത്തസമ്മേളനം നടത്തിയ ഹാർമോണിയം-ഓർഗൻ അധ്യാപകൻ പി.ജി. ഗോപാലകൃഷ്ണൻ, ചിത്രകല അധ്യാപകൻ ചെങ്ങളം ഹരിദാസ്​ എന്നിവരെ​ പബ്ലിക്​ ലൈബ്രറിയെ അപകീർത്തിപ്പെടുത്തി, വൈസ്​ ചെയർമാനെ ധിക്കരിച്ചു എന്നീ കാരണങ്ങൾ കാട്ടിയാണ്​ പിരിച്ചുവിട്ടത്​. പിരിച്ചുവിടപ്പെട്ട രണ്ടുപേരും വിരമിച്ച ശേഷം പാർട്ട്​​ ​ടൈം ജോലിചെയ്യുന്നവരായിരുന്നു​. ഇവർ വിരമിച്ചവരായതിനാൽ തിരിച്ചെടുക്കില്ലെന്നാണ്​ അധികൃതരുടെ നിലപാട്​. എന്നാൽ, വിരമിച്ചവർ അവിടെ ജോലിയിൽ തുടരുന്നുണ്ടെന്ന്​ പിരിച്ചുവിടപ്പെട്ടവർ പറയുന്നു. 38 ദിവസത്തെ സമരത്തിനുശേഷമാണ്​​ കഴിഞ്ഞ ദിവസം സി.പി.എം ജില്ല കമ്മിറ്റി ഓഫിസിൽ ഒത്തുതീർപ്പു ചർച്ച നടത്തി സമരം നിർത്തിയത്​​. ജവഹർ ബാലഭവൻ ആൻഡ് കുട്ടികളുടെ ലൈബ്രറി എന്ന നെയിം ബോർഡിൽ, പബ്ലിക് ലൈബ്രറിയുടെ അഞ്ച് പ്രതിനിധികളും ജവഹർ ബാലഭവന്റെ സർക്കാർ നോമിനികളായ അഞ്ചുപേരും ചേർന്ന് ബാലഭവന്‍റെ പ്രവർത്തനങ്ങൾ നടത്താനും ജീവനക്കാരുടെ പരിഷ്കരിച്ച ശമ്പള കുടിശ്ശികയും 1986 മുതൽ ജവഹർ ബാലഭവൻ മാനേജ്മെന്റ് നൽകേണ്ട ശമ്പളത്തിൽ ബാക്കി ലഭിക്കാനുള്ള 20 ശതമാനവും നിലവിലുള്ളവർക്കും പിരിഞ്ഞുപോയ മുഴുവൻ അധ്യാപകർക്കും സമയബന്ധിതമായി നൽകാനും തീരുമാനിച്ചു. ചർച്ചയിൽ പബ്ലിക് ലൈബ്രറി പ്രസിഡന്‍റ്​ എബ്രഹാം ഇട്ടിച്ചെറിയ, അഡ്വ. കെ. അനിൽകുമാർ, ജവഹർ ബാലഭവൻ ചെയർമാൻ ടി. ശശികുമാർ, സർക്കാർ നോമിനികളായ അഡ്വ. മഹേഷ് ചന്ദ്രൻ, ബി. ആനന്ദക്കുട്ടൻ, ഏലിയാമ്മ കോര, ജവഹർ ബാലഭവൻ സംരക്ഷണ സമിതി രക്ഷാധികാരി പി.കെ. ആനന്ദക്കുട്ടൻ, കൺവീനർ പി.ജി. ഗോപാലകൃഷ്ണൻ, പി.കെ. ഹരിദാസ് എന്നിവർ പങ്കെടുത്തു. box. കുട്ടികളുടെ ലൈബ്രറിയുടെ 50 സെന്റ് സ്ഥലം സർക്കാർ ഏറ്റെടുക്കണം കോട്ടയം: കുട്ടികളുടെ ലൈബ്രറിയുടെ 50 സെന്റ് സ്ഥലം സർക്കാർ ഏറ്റെടുത്ത് ജവഹർ ബാലഭവൻ പ്രവർത്തിപ്പിക്കണമെന്ന്​ ജവഹർ ബാലഭവൻ സംരക്ഷണ സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വിവിധ ഘട്ടങ്ങളിൽ സർക്കാർ ഫണ്ടും സർക്കാർ ഇതര ഫണ്ടും ഉപയോഗിച്ചാണ് ജവഹർ ബാലഭവൻ ആൻഡ് കുട്ടികളുടെ ലൈബ്രറിയുടെയും ട്രാഫിക് ട്രെയിനിങ് പാർക്കിന്റെയും അറ്റകുറ്റപ്പണി നടത്തി വന്നിരുന്നത്​. അതുകൊണ്ട്​ പബ്ലിക് ലൈബ്രറിയുടെ ഉടമസ്ഥതയിലുള്ള കുട്ടികളുടെ ലൈബ്രറിയുടെ സ്ഥലം ജവഹർ ബാലഭവൻ നിർമിക്കാൻ സർക്കാറിന് കൂടി അവകാശപ്പെട്ടതാണ്. ബാലഭവനിൽ പുതിയ അധ്യാപകരെ നിയമിക്കുന്നത്​ സർക്കാർ തയാറാക്കിയിട്ടുള്ള സർവിസ് റൂളിനു വിധേയമായി ആവണം. വെക്കേഷൻ ക്ലാസിനു വേണ്ടി നിയമിച്ചിട്ടുള്ള മുഴുവൻ ജീവനക്കാരെയും പിരിച്ചുവിട്ട്​ സർക്കാർ മാനദണ്ഡം പാലിച്ചു നിയമനം നടത്തണം. തൽക്കാലികമായി പബ്ലിക് ലൈബ്രറി ഭരണാധികാരികൾ നിയമിച്ചിട്ടുള്ള അധ്യാപകരായ പലരും മതിയായ യോഗ്യതയില്ലാത്തവരും യൂനിവേഴ്സിറ്റികൾ ഡീബാർ ചെയ്തിട്ടുള്ളവരാണെന്നും ഇവർ ആരോപിച്ചു. വാർത്തസമ്മേളനത്തിൽ സംരക്ഷണ സമിതി രക്ഷാധികാരി പി.കെ. ആനന്ദക്കുട്ടൻ, കൺവീനർ പി.ജി. ഗോപാലകൃഷ്ണൻ, പി.കെ. ഹരിദാസ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.