കൊല്ലം: വന്ദേഭാരതിന് മികച്ച സ്വീകരണം ലഭിക്കുമ്പോഴും ഒരുവശത്ത് ദുരിതപർവം താണ്ടുകയാണ് സാധാരണ യാത്രക്കാർ. വന്ദേഭാരതിന്റെ വരവോടെ എക്സ്പ്രസ് ട്രെയിനുകൾ 20 മുതൽ 40 മിനിറ്റ് വരെ പിടിച്ചിടുന്നത് പതിവായി. രണ്ടാം വന്ദേഭാരത് സർവിസ് തുടങ്ങിയതോടെ യാത്രാക്ലേശം ഇരട്ടിച്ചിരിക്കുകയാണെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. കൂടിയ ദൂരം കുറഞ്ഞ സമയത്ത് ഓടിയെത്തുന്ന വന്ദേഭാരതിന് വേണ്ടി കുറഞ്ഞ ദൂരം കൂടുതൽ സമയമെടുത്ത് ഓടിത്തീർക്കുകയാണ് എക്സ്പ്രസ് ട്രെയിനുകൾ.
എറണാകുളം ജങ്ഷനിൽ നിന്ന് വൈകുന്നേരം 06.05ന് പുറപ്പെടുന്ന കായംകുളം എക്സ്പ്രസ് സ്പെഷൽ 40 മിനിറ്റാണ് എല്ലാ ദിവസവും കുമ്പളത്ത് പിടിച്ചിടുന്നത്. നാഗർകോവിൽ കോട്ടയം പാസഞ്ചറും ഏറനാടും പാലരുവിയും ഇന്റർസിറ്റിയും മുതൽ രാജധാനിയെ വരെയുള്ള നിരവധി സർവിസുകളുടെ സമയക്രമത്തെ വന്ദേഭാരത് താളംതെറ്റിക്കുന്നു. പുലർച്ചയുള്ള വന്ദേഭാരതിന് വേണ്ടി വേണാട് എക്സ്പ്രസിന്റെ സമയം മാറ്റിയതിലുള്ള പ്രതിഷേധം ഇപ്പോഴും അടങ്ങിയിട്ടില്ല.
വന്ദേഭാരതിന് കേരളത്തിൽ ഇത്രയും അധികം സ്വീകാര്യത ലഭിക്കാൻ കാരണം തിരുവനന്തപുരത്ത് നിന്ന് മലബാർ ഭാഗത്തേക്ക് ട്രെയിനുകളുടെ ദൗർലഭ്യമാണ്. ജനശതാബ്ദി ട്രെയിനുകൾ ഒഴിച്ചാൽ രണ്ടോ മൂന്നോ മണിക്കൂറുകൾ ബഫർ ടൈം നൽകിയാണ് മറ്റു ട്രെയിനുകൾ സർവിസ് നടത്തുന്നത്. മലബാർമേഖലയിലേക്ക് വന്ദേഭാരത് മാത്രമല്ല, എല്ലാ സർവിസുകളും മാസങ്ങൾക്ക് മുമ്പേ ബുക്കിങ് പൂർത്തിയാകാറുണ്ട്.
വന്ദേഭാരത് വന്നത് മൂലം പുലർച്ച വളരെ നേരേത്ത യാത്രക്കാർ ട്രെയിനുകളിൽ കയറിക്കൂടേണ്ട അവസ്ഥയാണ്. ശേഷം 20 മുതൽ 40 മിനിറ്റ് വരെ വന്ദേഭാരതിന് വേണ്ടി മറ്റു സ്റ്റേഷനുകളിൽ നിർത്തിയിടുകയും ചെയ്യുന്നു. വൈകീട്ടത്തെ സ്ഥിതിയും വ്യത്യസ്തമല്ല. സ്ഥിരയാത്രക്കാർ ആശ്രയിക്കുന്ന സർവിസുകളെ ബാധിക്കാതെ വന്ദേഭാരത് ഷെഡ്യൂൾ ചെയ്യാനുള്ള ഒരു ശ്രമവും നടന്നിട്ടില്ലെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസ് സെക്രട്ടറി ലിയോൺസ് പറഞ്ഞു.
വന്ദേ ഭാരത് ട്രെയിനുകൾ ആവശ്യം തന്നെയാണ്. എന്നാൽ സ്ഥിരയാത്രക്കാർ ആശ്രയിക്കുന്ന ട്രെയിനുകൾക്ക് അർഹിക്കുന്ന പരിഗണന നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം തിരുവനന്തപുരത്ത് നിന്ന് കൊല്ലം ഭാഗത്തേക്കുള്ള മിക്ക ട്രെയിനുകളും കൃത്യസമയത്ത് പുറപ്പെടാറുണ്ടെങ്കിലും കൊല്ലത്തെത്തുന്നത് വൈകിയാണ്. രാവിലെ 9.15ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ലോക്മാന്യതിലക് നേത്രാവതി എക്സ്പ്രസും മിക്കദിവസങ്ങളിലും നിശ്ചിതസമയം കഴിഞ്ഞാണ് കൊല്ലത്തെത്തുക.
കൊച്ചുവേളി, കടയ്ക്കാവൂർ തുടങ്ങിയ സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തിയിടുന്നു. ഇതിനുമുമ്പ് കൊല്ലത്തേക്കുള്ള അൺറിസർവ്ഡ് എക്സ്പ്രസിന് പിന്നാലെ വേഗം കുറച്ചാണ് നേത്രാവതിയുടെ യാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.